സഭാ തര്‍ക്കത്തിന്റെ പേരില്‍ ഒരു സ്ത്രീ പീഡന പരാതി ഉന്നയിക്കുമോ ?; നടന്നത് ക്രൈം ; ആരോപണങ്ങള്‍ നിഷേധിച്ച് മയൂഖ ജോണി

ക്രൈം നടന്നു എന്നത് തെളിഞ്ഞിട്ടുണ്ട്. അതിന് തെളിവുകള്‍ നിരത്താന്‍ റെഡിയാണെന്നും മയൂഖ പറഞ്ഞു
മയൂഖ ജോണി മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം
മയൂഖ ജോണി മാധ്യമങ്ങളോട് സംസാരിക്കുന്നു / ടെലിവിഷന്‍ ചിത്രം

തൃശൂര്‍ : ബലാല്‍സംഗ ആരോപണം വ്യാജമെന്ന വാദം തള്ളി കായികതാരം മയൂഖ ജോണി. സഭാ തര്‍ക്കത്തിന്റെ പേരില്‍ ഒരു സ്ത്രീയും പീഡന പരാതി ഉന്നയിക്കില്ല. എത്രയോ സഭകളാണ് ലോകത്തുള്ളത്. അതിലെല്ലാം തര്‍ക്കങ്ങളുമുണ്ട്. അതിന്റെ പേരില്‍ ഒരു സ്ത്രീ ഇത്തരം ആരോപണങ്ങളുമായി വരുമെന്നാണോ പറയുന്നതെന്നും മയൂഖ ചോദിച്ചു. 

നടന്നിട്ടുള്ളത് ഒരു ക്രൈമാണ്. അതിന് പരാതി നല്‍കിയിട്ടും നീതി വൈകുന്നുവെന്നാണ് പറഞ്ഞത്. ക്രൈം നടന്നു എന്നത് തെളിഞ്ഞിട്ടുണ്ട്. അതിന് തെളിവുകള്‍ നിരത്താന്‍ റെഡിയാണെന്നും മയൂഖ പറഞ്ഞു. പ്രതിയെ രക്ഷിക്കാന്‍ വേണ്ടി വലിയ സ്വാധീനം നടക്കുന്നുണ്ടെന്ന് താന്‍ പറഞ്ഞിരുന്നു. ഇതിന്റെ ഉത്തമോദാഹരണമാണ് ചിലര്‍ നടത്തിയ വാര്‍ത്താസമ്മേളനം. 

ഇവരുടെ ബാക്ക്ഗ്രൗണ്ടും, ഫോണ്‍കോള്‍ ലിസ്റ്റും പരിശോധിച്ചാല്‍ പ്രതിക്ക് വേണ്ടി ആരൊക്കെ, ആരെയൊക്കെ സ്വാധീനിച്ചിട്ടുണ്ടെന്ന് കണ്ടെത്താനാകും. ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞ സാബു എന്ന വ്യക്തിയും വാര്‍ത്താസമ്മേളനത്തില്‍ ഉണ്ടായിരുന്നു. യുവതിയുടെ വീട്ടിലെത്തി സംഘം നോട്ടീസ് ഇട്ടത്തിന്റെ സിസിടിവി ദൃശ്യം തങ്ങളുടെ കയ്യിലുണ്ട്. വീട്ടിലായിരുന്നു എന്ന അവരുടെ വാദം കളവാണെന്നും മയൂഖ ജോണി പറഞ്ഞു. 

സുഹൃത്തായ യുവതിയെ മാനഭംഗപ്പെടുത്തിയ സംഭവത്തില്‍ നീതി ലഭിച്ചില്ലെന്ന് ആരോപിച്ച് മയൂഖ ജോണിയും ഇരയായ പെണ്‍കുട്ടിയും നടത്തിയ വാര്‍ത്താ സമ്മേളനം ഏറെ ചര്‍ച്ചയായിരുന്നു. ചുങ്കത്ത് ജോണ്‍സണ്‍ എന്നയാള്‍ 2016 ല്‍ വീട്ടില്‍ കയറി സുഹൃത്തിനെ ബലാല്‍സംഗം ചെയ്തു. ഇതില്‍ പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാതെ വൈകിക്കുകയാണെന്ന് മയൂഖ ഇന്നലെ ആരോപിച്ചിരുന്നു.

എന്നാല്‍ മയൂഖ ജോണിയുടെ ആരോപണത്തിന് പിന്നില്‍ എംപറര്‍ ഇമ്മാനുവല്‍ സിയോണ്‍ സഭയിലെ തര്‍ക്കമെന്ന് മറുവിഭാഗം ആരോപിച്ചു. മയൂഖയുടെ സഹോദരനെതിരെ പരാതിപ്പെട്ടതിന്റെ പ്രതികാരമാണ് മാനഭംഗക്കേസിന്റെ പരാതിക്ക് കാരണമെന്ന് സിയോണ്‍ സഭയിലെ മുന്‍ അംഗങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. സിയോണ്‍ സഭയില്‍ നിന്നും പുറത്തുപോകുന്നവര്‍ക്കെതിരെ നിരന്തരം വ്യാജപരാതി ഉന്നയിക്കുകയാണെന്നും ഇവര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com