രേഷ്മയുടെ ഫെയ്സ്ബുക്ക് സുഹൃത്തിനെ കുറിച്ച് സൂചന, ഏതാനും ദിവസത്തിനുള്ളിൽ നിർണായക വഴിത്തിരിവ് ഉണ്ടായേക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th June 2021 09:03 AM  |  

Last Updated: 29th June 2021 09:03 AM  |   A+A-   |  

reshma_arrested_killing_newborn baby

അറസ്റ്റിലായ രേഷ്മ / ഫയല്‍


ചാത്തന്നൂർ: കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തിൽ അറസ്റ്റിലായ അമ്മ രേഷ്മയുടെ ഫെയ്സ്ബുക് സുഹൃത്തിനെക്കുറിച്ചു വിവരം ലഭിച്ചതായി സൂചന. രേഷ്മയുടെ സുഹൃത്തിനെ കണ്ടെത്താനുള്ള അന്വേഷണത്തിൽ ഏതാനും ദിവസത്തിനുള്ളിൽ നിർണായക വഴിത്തിരിവ് ഉണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

രേഷ്മയുടെയും മാതാപിതാക്കളുടെയും ഫോണുകൾ പൊലീസ് പിടിച്ചെടുത്തു സൈബർ സെല്ലിനു കൈമാറിയിരുന്നു. സൈബർ സെല്ലിന്റെ പരിശോധനയിൽ സഹായകമായ ചില വിവരങ്ങൾ ഇതിൽ കണ്ടെത്തിയതായാണ് വിവരം. അറസ്റ്റിലായ രേഷ്മ കോവിഡ് പോസിറ്റീവായി അട്ടക്കുളങ്ങര വനിതാ ജയിലിലാണ്. 

കോവിഡ് പോസിറ്റീവായി 17 ദിവസത്തിനു ശേഷമേ ചോദ്യം ചെയ്യാനാകൂ. ഇതോടെ രേഷ്മയെ ചോദ്യം ചെയ്യലിന് വിധേയമാക്കാൻ ഇനിയും 10 ദിവസം കൂടി കഴിയണം. രേഷ്മയുടെ അജ്ഞാത കാമുകനെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിൽ മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ചതിന് പിന്നാലെയാണ് ആര്യ (23),  ഗ്രീഷ്മ (ശ്രുതി-22) എന്നിവരെ കാണാതായതും അടുത്ത ദിവസം ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതും.

ഇരുവരും വെള്ളത്തിൽ മുങ്ങി മരിച്ചെന്നാണു പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാരുടെ പ്രാഥമിക വിലയിരുത്തൽ. പിതാവ് ഗൾഫിൽ നിന്ന് എത്തിയതിനെ തുടർന്നു ഗ്രീഷ്മയുടെ സംസ്കാരം ഇന്നലെ നടത്തി. ജനുവരി 5നാണ് ചോരക്കുഞ്ഞിനെ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്. 

സാഹചര്യത്തെളിവുകൾ ഒന്നും ഇല്ലാതിരുന്ന കേസിൽ ശാസ്ത്രീയ അന്വേഷണത്തിനൊടുവിലാണ് രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഫെയ്സ്ബുക്കിലൂടെ മാത്രം പരിചയമുള്ള കാമുകനൊപ്പം പോകാൻ കുഞ്ഞിനെ ഉപേക്ഷിച്ചെന്നാണു രേഷ്മ മൊഴി നൽകിയത്.