പൊട്ടിക്കുന്നതിന്റെ ഒരു പങ്ക് 'പാര്‍ട്ടി'ക്ക് ; പിന്നെ ബേജാര്‍ വേണ്ട ; സ്വര്‍ണക്കടത്തിന്റെ പുതിയ ഓഡിയോ ക്ലിപ്പ് പുറത്ത്

കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പാര്‍ട്ടിയിലെ കളിക്കാര്‍ ആരാണെന്ന് അറിയില്ലേ ?
കൊടി സുനി, മുഹമ്മദ് ഷാഫി  / ഫയല്‍ ചിത്രം
കൊടി സുനി, മുഹമ്മദ് ഷാഫി / ഫയല്‍ ചിത്രം


കോഴിക്കോട് : കള്ളക്കടത്തിലൂടെ എത്തുന്ന സ്വര്‍ണം കവര്‍ച്ച ചെയ്ത് പങ്കിടുന്നതിന്റെ ശബ്ദരേഖ പുറത്ത്. സ്വര്‍ണക്കടത്ത് പൊട്ടിക്കാനായി (അടിച്ചുമാറ്റാനായി) സംഘം തയ്യാറെടുക്കുന്നതിന്റെ ഫോണ്‍സംഭാഷണമാണ് പുറത്തുവന്നത്. അടിച്ചുമാറ്റുന്ന സ്വര്‍ണം മൂന്നായി പങ്കിടണമെന്നും, അതില്‍ ഒരു പങ്ക് പാര്‍ട്ടിക്കാണെന്നും ഓഡിയോ ക്ലിപ്പില്‍ സൂചിപ്പിക്കുന്നു. 

സ്വര്‍ണം എങ്ങനെ കൊണ്ടുവരണം, കൊണ്ടുവന്ന സ്വര്‍ണം എന്തുചെയ്യണം, ആര്‍ക്കുവേണ്ടിയാണ് കൊണ്ടുവരുന്നത് തുടങ്ങിയ കാര്യങ്ങളാണ് ശബ്ദസന്ദേശത്തിലുള്ളത്. ഒരു ഭാഗം പൊട്ടിക്കുന്നവര്‍ക്ക്, ഒരു പങ്ക് കടത്തുന്നവര്‍ക്ക് മൂന്നാമത്തെ പങ്ക്  പാര്‍ട്ടിക്ക് എന്നാണ് വീതംവയ്പ്പിനെക്കുറിച്ച് പറയുന്നത്.ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന കൊടി സുനി, മുഹമ്മദ് ഷാഫി എന്നിവരെയാണ് പാര്‍ട്ടി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് സൂചന. 

സുനിക്കും ഷാഫിക്കും ഒരു പങ്ക് നല്‍കിക്കഴിഞ്ഞാല്‍ പിന്നെ  പൊലീസ് അന്വേഷണം ഉണ്ടാകില്ലെന്നും ഓഡിയോ ക്ലിപ്പില്‍ പറയുന്നു. 'എയര്‍പോര്‍ട്ടില്‍ നമ്മുടെ ടീം കൂട്ടാന്‍ വരും. നീ വന്ന് വണ്ടിയില്‍ കയറിയുകയേ വേണ്ടൂ എന്ന് ഓഡിയോയില്‍ നിര്‍ദേശം നല്‍കുന്നു. ഷാഫിക്കയോ ജിജോ തില്ലങ്കേരിയോ രജീഷ് തില്ലങ്കേരിയോ ഇവരില്‍ മൂന്നില്‍ രണ്ടുപേര്‍ ഒരുമിച്ച് ഉണ്ടാവും. മൂന്നില്‍ ഒന്ന് പാര്‍ട്ടിക്കായി വെക്കുന്നത് നിന്നെ സെയ്ഫ് ആക്കാനാണ്. 

കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ പാര്‍ട്ടിയിലെ കളിക്കാര്‍ ആരാണെന്ന് അറിയില്ലേ, അതിനാണ് മൂന്നില്‍ ഒന്ന് പാര്‍ട്ടിക്കാര്‍ക്ക് കൊടുക്കുന്നത്. നിന്നെ പ്രൊട്ടക്ട് ചെയ്യാനാണ്. പൊട്ടിച്ചതിന് പിന്നില്‍ ഷാഫിക്കയും ടീമും ആണെന്ന് അറിഞ്ഞാല്‍ പിന്നെ അന്വേഷണം ഉണ്ടാവില്ല. പാര്‍ട്ടിക്കുള്ളില്‍ നിന്ന്, ഷാഫിക്കയെക്കൊണ്ടോ സുനിയട്ടനെക്കൊണ്ടോ വിളിപ്പിക്കും, നമ്മുടെ പിള്ളേരാണ് എടുത്തത്, പറ്റിപ്പോയി അതു നോക്കേണ്ടാ എന്ന്. എന്നിട്ടും തീര്‍ന്നില്ലെങ്കില്‍ നേരില്‍ പോയി കാണും. അതുകൊണ്ട് ബേജാറാവേണ്ട. നാലുമാസത്തിനുള്ളില്‍ ഒരുപാട് ഗെയിം നടന്നിട്ടുണ്ട്. 

ഒരു പ്രശ്‌നവും ഇല്ല. ഒരു ഓണറും പിന്നാലെ വരില്ല. പത്ത് പന്ത്രണ്ട് ദിവസം സാധനം നമ്മുടെ അടുത്തായാല്‍ കിട്ടൂലാന്ന് അറിഞ്ഞാല്‍ ഒഴിവാക്കും. അതിനിടക്ക് പാര്‍ട്ടിക്കാര്‍ പറയും, ബോസ്സെ നമ്മുടെ പിള്ളാരാ എടുത്തത്, അതിന്റെ ഭാഗമായി ബുദ്ധിമുട്ടിക്കല്‍ ഉണ്ടായാല്‍ ഈയൊരു രീതിയില്‍ ആവില്ല ബന്ധപ്പെടല്‍. അതോടെ ബുദ്ധിമുട്ടിക്കില്ലെന്നും' വ്യക്തമാക്കുന്നു. എന്നാൽ ആർക്ക് അയച്ച ഓഡിയോ ആണിതെന്നും, ആർക്കാണ് ലഭിച്ചതെന്നും വ്യക്തമായിട്ടില്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com