ഇനി വീട്ടിലിരുന്ന് തട്ടുകടയിലെ ഭക്ഷണത്തിന്റെ രുചി നുകരാം, മിതമായ നിരക്ക്; ആപ്പിന് രൂപം നല്‍കാന്‍ ഒരുങ്ങി കച്ചവടക്കാര്‍ 

ഭക്ഷണം വീട്ടിലെത്തിക്കാന്‍ ആപ്പിന് രൂപം നല്‍കാന്‍ ഒരുങ്ങി തിരുവനന്തപുരത്തെ തട്ടുകട കച്ചവടക്കാര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തട്ടുകടയിലെ ഭക്ഷണത്തിന്റെ രുചി ഇനി വീട്ടില്‍ ഇരുന്ന് നുകരാം. ഭക്ഷണം വീട്ടിലെത്തിക്കാന്‍ ആപ്പിന് രൂപം നല്‍കാന്‍ ഒരുങ്ങി തിരുവനന്തപുരത്തെ തട്ടുകട കച്ചവടക്കാര്‍.

തുടര്‍ച്ചയായുള്ള ലോക്ക്ഡൗണിനെ തുടര്‍ന്ന് ജീവിതം വഴിമുട്ടിയപ്പോഴാണ് ഈ ഒരു ആശയത്തിന് തട്ടുകട കച്ചവടക്കാര്‍ രൂപം നല്‍കിയത്. വീട്ടില്‍ ഭക്ഷണം എത്തിക്കാന്‍ സാധിച്ചാല്‍ പിടിച്ചുനില്‍ക്കാന്‍ സാധിക്കുമെന്ന കണക്കുകൂട്ടലാണ് ഇതിന് മുന്നില്‍. വലിയ ഹോട്ടലുകള്‍ ഫുഡ് ഡെലിവറി ആപ്പുകള്‍ വഴിയാണ് പിടിച്ചുനില്‍ക്കുന്നത്. സമാനമായ നിലയില്‍ ആപ്പിന് രൂപം നല്‍കി ഓര്‍ഡര്‍ അനുസരിച്ച് വീടുകളില്‍ രുചികരമായ ഭക്ഷണം എത്തിക്കാനാണ് തട്ടുകട കച്ചവടക്കാര്‍ പദ്ധതിയിടുന്നത്.

ഫുഡ് ഡെലിവറി രംഗത്തെ അതികായരായ സ്വിഗി, സോമാറ്റൊ എന്നിവയ്ക്ക് സമാനമായി ആപ്പിന് രൂപം നല്‍കാനാണ് പദ്ധതി. നൂറ് കണക്കിന് തട്ടുകട കച്ചവടക്കാര്‍ ചേര്‍ന്നാണ് ആപ്പിന് രൂപം നല്‍കുന്നത്. ആപ്പിന് രൂപം നല്‍കാന്‍ കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിയുമായി കൈകോര്‍ത്തതായി ഫാസ്റ്റ് ഫുഡ് ഓണേഴ്‌സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി മണി ആര്‍ ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

രണ്ടാമത്തെ ലോക്ക്ഡൗണിനെ തുടര്‍ന്ന് 75 ദിവസമാണ് നഷ്ടമായത്. ജില്ലയിലെ ആയിരക്കണക്കിന് തട്ടുകട കച്ചവടക്കാരാണ് പ്രതിസന്ധി നേരിടുന്നത്. സ്വിഗി പോലുള്ള വന്‍കിട കമ്പനികളുമായി സഹകരിക്കാന്‍ സാമ്പത്തിക പ്രയാസങ്ങളുണ്ട്. 30 ശതമാനം ചാര്‍ജ്ജാണ് വീട്ടില്‍ എത്തിക്കുന്നതിന് ഇവര്‍ ഈടാക്കുന്നത്. ഇത് താങ്ങാന്‍ സാധിക്കില്ല. ഇതിനെ തുടര്‍ന്നാണ് സ്വന്തമായി വഴിനോക്കാന്‍ ആലോചിച്ചതെന്നും മണി പറഞ്ഞു.

അടുത്ത മാസം ആപ്പിന് തുടക്കമിടും. ഡെലിവറിക്ക് 10 ശതമാനം മാത്രം ചാര്‍ജ്ജ് ചെയ്യാനാണ് ആലോചിക്കുന്നത്. മിതമായ നിരക്കില്‍ ഭക്ഷണം വീട്ടില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും കച്ചവടക്കാര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com