അനില്‍ കാന്തിനെ നിര്‍ദേശിച്ചത് മുഖ്യമന്ത്രി, സര്‍വീസ് കാലാവധി നീട്ടിനല്‍കിയേക്കും

അനില്‍ കാന്തിനെ നിര്‍ദേശിച്ചത് മുഖ്യമന്ത്രി, സര്‍വീസ് കാലാവധി നീട്ടിനല്‍കിയേക്കും
അനില്‍ കാന്ത് /ഫയല്‍ ചിത്രം
അനില്‍ കാന്ത് /ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി അനില്‍ കാന്തിന്റെ പേര് മന്ത്രിസഭായോഗത്തില്‍ നിര്‍ദേശിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്തിയുടെ നിര്‍ദേശം മന്ത്രിസഭായോഗം ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നുവെന്നാണ് സൂചന.

പുതിയ പൊലീസ് മേധാവിയെ നിയമിക്കാന്‍ മൂന്നു പേരുടെ ചുരുക്കപ്പട്ടികയാണ് യുപിഎസ്‌സി സംസ്ഥാന സര്‍ക്കാരിനു മുമ്പാകെ വച്ചത്. സുദേഷ് കുമാര്‍, ബി സന്ധ്യ എന്നിവരായിരുന്നു പട്ടികയില്‍ ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍. ഇവരില്‍നിന്ന് അനില്‍ കാന്തിന്റെ പേര് മുഖ്യമന്ത്രി തന്നെ മുന്നോട്ടുവയ്ക്കുകയായിരുന്നു.

വിവാദങ്ങളില്ലാത്ത സര്‍വീസ് ചരിത്രം പരിഗണിച്ച് മറ്റു രണ്ടു പേരെയും ഒഴിവാക്കി അനില്‍ കാന്തിനെ നിയമിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു എന്നാണ് അറിയുന്നത്. അനില്‍ കാന്ത് സേനയില്‍ പൊതു സ്വീകാര്യനാണ് എന്നതും കണക്കിലെടുത്തു. 

അടുത്ത ജനുവരിയില്‍ സര്‍വീസ് തീരുന്ന അനില്‍ കാന്തിന്റെ കാലാവധി തീരുമാനിച്ചിട്ടില്ല. പൊലീസ് മേധാവി എന്ന നിലയില്‍ അദ്ദേഹത്തിനു 2023 മെയ് വരെ സര്‍വീസ് നീട്ടിനല്‍കുമെന്നു സൂചനകളുണ്ട്. നിലവില്‍ എഡിജിപി റാങ്കില്‍ ഉള്ള അനില്‍ കാന്തിന് അടുത്ത മാസം ഡിജിപിയായി സ്ഥാനക്കയറ്റം ലഭിക്കും.

പൊലീസ് മേധാവി സ്ഥാനത്തേക്കു തന്നെ തെരഞ്ഞെടുത്തതില്‍ മുഖ്യമന്ത്രിയോടു നന്ദി പറയുന്നതായി അനില്‍ കാന്ത് പറഞ്ഞു. സ്ത്രീസുരക്ഷയ്ക്കു മുന്‍ഗണന നല്‍കിയായിരിക്കും പ്രവര്‍ത്തനമെന്ന് അദ്ദേഹം പ്രതികരിച്ചു. ലോക്‌നാഥ് ബെഹറ മികച്ച നിലയില്‍ പ്രവര്‍ത്തിച്ച പൊലീസ് മേധാവിയാണ്. അദ്ദേഹം ചെയ്ത നല്ല കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുമെന്ന് അനില്‍ കാന്ത് പറഞ്ഞു.

1998 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ അനില്‍ കാന്ത് നിലവില്‍ റോഡ് സുരക്ഷാ കമ്മിഷണറാണ്. അന്‍പത്തിയൊന്‍പതുകാരനായ അദ്ദേഹം ഡല്‍ഹി സ്വദേശിയാണ്. പട്ടിക വിഭാഗത്തില്‍നിന്ന് സംസ്ഥാനത്ത് പൊലീസ് മേധാവിയാവുന്ന ആദ്യത്തെയാള്‍ എന്ന ബഹുമതിയും അദ്ദേഹത്തിനു സ്വന്തം. 

ക്രമസമാധാന ചുമതലയുള്ള എഡിജിപി, വിജിലന്‍സ് ഡയറക്ടര്‍, ഫയര്‍ ഫോഴ്‌സ് മേധാവി എന്നീ ചുമതലകള്‍ നേരത്തെ അനില്‍ കാന്ത് നിര്‍വഹിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com