കിരണ്‍കുമാറിന് കോവിഡ് ; വിസ്മയയുടെ വീട്ടിലെ തെളിവെടുപ്പ് മാറ്റിവെച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2021 11:27 AM  |  

Last Updated: 30th June 2021 11:27 AM  |   A+A-   |  

kiran kumar

കിരണ്‍ കുമാറിനെ ബാങ്കില്‍ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോള്‍, മരിച്ച വിസ്മയ

 

കൊല്ലം : കൊല്ലം വിസ്മയ കേസിലെ പ്രതി കിരണ്‍കുമാറിന് കോവിഡ് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് നിലമേലിലെ വിസ്മയയുടെ വീട്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന തെളിവെടുപ്പ് മാറ്റിവെച്ചു. തെളിവെടുപ്പിനായി മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ട കിരണ്‍കുമാറിന്റെ കസ്റ്റഡികാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കോവിഡ് സ്ഥിരീകരിക്കുന്നത്. 

കഴിഞ്ഞദിവസം പോരുവഴിയിലെ ബാങ്കിലും വിസ്മയ തൂങ്ങിമരിച്ച വീട്ടിലും കിരണ്‍കുമാറിനെ എത്തിച്ച് തെളിവെടുത്തിരുന്നു.  വിസ്മയ തൂങ്ങിമരിച്ച ശുചിമുറിയില്‍ കിരണ്‍കുമാറിന്റെ സാന്നിധ്യത്തില്‍ ഡമ്മി പരീക്ഷണവും നടത്തിയിരുന്നു. പോരുവഴിയിലെ ബാങ്ക് ലോക്കറില്‍ നിന്നും വിസ്മയയ്ക്ക് സ്ത്രീധനമായി ലഭിച്ച 42 പവനും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.

 വിസ്മയ കേസിൽ അന്വേഷണം അവസാനഘട്ടത്തിലേക്ക് കടക്കുകയാണ്. ശാസ്ത്രീയ പരിശോധനയും മൊഴിയെടുപ്പും അവസാനഘട്ടത്തിൽ എത്തിയതോടെ എത്രയും വേഗം കുറ്റപത്രം സമർപ്പിക്കാനാണ് അന്വേഷണ സംഘത്തിന്റ തീരുമാനം.വിസ്മയ പഠിച്ചിരുന്ന പന്തളത്ത് ആയുർവേദ മെഡിക്കൽ കോളജിലും എത്തി അന്വേഷണസംഘം  തെളിവെടുത്തിരുന്നു.