രേഷ്മയുടെ കാമുകനെ കണ്ടെത്താന്‍ ഫെയ്‌സ്ബുക്കിന്റെ സഹായം തേടി പൊലീസ്; കൂടുതല്‍ ബന്ധുക്കളുടെ മൊഴിയെടുക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th June 2021 08:05 AM  |  

Last Updated: 30th June 2021 08:05 AM  |   A+A-   |  

reshma_arrested_killing_newborn baby

അറസ്റ്റിലായ രേഷ്മ / ഫയല്‍

 

ചാത്തന്നൂർ: കരിയിലക്കുഴിയിൽ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച കേസിൽ അറസ്റ്റിലായ അമ്മ രേഷ്മയുടെ സമൂഹമാധ്യമ ഇടപാടുകൾ കണ്ടെത്താൻ അന്വേഷണ സംഘം ഫെയ്സ്ബുക്കിന്റെ സഹായം തേടി. രേഷ്മയുടെ അജ്‍ഞാത കാമുകനെ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല. ഇയാളുമായി രേഷ്മ ബന്ധപ്പെട്ടതു ഫെയ്സ്ബുക് വഴിയാണ്. 

ഇത് സംബന്ധിച്ച് മൊബൈൽ ഫോൺ കമ്പനികളിൽനിന്നും വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. രേഷ്മ ഉൾപ്പെടെ 3 പേരുടെ ഫോണുകൾ അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഇവ സൈബർ സെല്ല് പരിശോധിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി, മരിച്ച യുവതികളുടെ അടുത്ത ബന്ധുക്കളുടെ മൊഴി എടുക്കും.

ആര്യയുടെ ഭർത്താവ് ഉൾപ്പെടെയുള്ളവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് അന്വേഷണ സംഘം പറഞ്ഞു.  ബന്ധുക്കളായ ആര്യ, ഗ്രീഷ്മ എന്നിവരിൽ നിന്നു നിർണായക വിവരങ്ങൾ ലഭിക്കുമായിരുന്നു. രേഷ്മയുടെ അജ്ഞാത കാമുകനെ കണ്ടെത്തുന്നതിനുള്ള അന്വേഷണത്തിനിടയിലാണ് മൊഴി രേഖപ്പെടുത്താൻ വിളിപ്പിച്ച ആര്യയെ ഗ്രീഷ്മയ്ക്കൊപ്പം കാണാതാകുന്നതും അടുത്ത ദിവസം ഇത്തിക്കരയാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതും.

ഇത് അന്വേഷണത്തിനും വലിയ തിരിച്ചടിയായി. ചാത്തന്നൂർ എസ്പി വൈ.നിസാമുദ്ദീൻ, പാരിപ്പള്ളി ഇൻസ്പെക്ടർ ടി.സതികുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.കഴിഞ്ഞ ജനുവരി 5നാണു ചോരക്കുഞ്ഞിനെ കരിയിലക്കുഴിയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്. ഡിഎൻഎ പരിശോധനയെത്തുടർന്നു കഴിഞ്ഞ 22നാണ് കുഞ്ഞ് രേഷ്മയുടേതാണെന്ന് കണ്ടെത്തിയത്.