കോവിഡ് വാക്സിൻ കുത്തിവയ്പ്പ്/ ഫയൽ ചിത്രം
കോവിഡ് വാക്സിൻ കുത്തിവയ്പ്പ്/ ഫയൽ ചിത്രം

മുതിർന്ന പൗരന്മാർക്ക് കോവിഡ് വാക്സിൻ; ഇന്ന് മുതൽ രജിസ്റ്റർ ചെയ്യാം 

45-നും 59-നും ഇടയിൽ പ്രായമുള്ള രോഗബാധിതർക്കും, 60 വയസ്സിനു മുകളിലുള്ള എല്ലാ പൗരൻമാർക്കുമാണ് രജിസ്‌ട്രേഷൻ


തിരുവനന്തപുരം: മുതിർന്ന പൗരന്മാർക്കുള്ള കോവിഡ് വാക്സിൻ രജിസ്‌ട്രേഷൻ ഇന്ന് ആരംഭിക്കും.  സൗകര്യപ്രദമായ കേന്ദ്രങ്ങളും ദിവസവും തിരഞ്ഞെടുക്കാം. 45-നും 59-നും ഇടയിൽ പ്രായമുള്ള രോഗബാധിതർക്കും, 60 വയസ്സിനു മുകളിലുള്ള എല്ലാ പൗരൻമാർക്കുമാണ് രജിസ്‌ട്രേഷൻ. 

തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും, സർക്കാർ ആശുപത്രികളിലും വാക്സിനെടുക്കാൻ സൗകര്യമുണ്ടാകും. സർക്കാർ ആശുപത്രികളിൽ വാക്സിനേഷൻ സൗജന്യമാണ്. കോവിൻ പോർട്ടൽ വഴിയും (https://www.cowin.gov.in) ആരോഗ്യ സേതു ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാം. 

രജിസ്‌ട്രേഷൻ സമയത്ത് ഗുണഭോക്താവിന്റെ ഫോട്ടോ, തിരിച്ചറിയൽ കാർഡിലുള്ള അടിസ്ഥാന വിവരങ്ങൾ എന്നിവ നൽകണം. മൊബൈൽ നമ്പറിന്റെ കൃത്യത ഉറപ്പാക്കാൻ ഒറ്റത്തവണ പാസ്‌വേഡ് അയച്ച് പരിശോധന നടത്തും. രജിസ്‌ട്രേഷൻ സമയത്ത് വാക്സിനേഷൻ സെന്ററുകളുടെ പട്ടികയും,  ഒഴിഞ്ഞ സ്ലോട്ടുകൾ ലഭ്യമായ തീയതിയും കാണാം. അതനുസരിച്ച് ലഭ്യമായ സ്ലോട്ടുകളിൽ നിന്ന് ബുക്ക് ചെയ്യാം.

ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് പരമാവധി നാല് ഗുണഭോക്താക്കളെ രജിസ്റ്റർ ചെയ്യാം.  രജിസ്‌ട്രേഷൻ പൂർത്തിയായാൽ രജിസ്‌ട്രേഷൻ സ്ലിപ്പ് ലഭിക്കും. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ സ്ഥിരീകരണ എസ്എംഎസ് ലഭിക്കും. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോൾത്തന്നെ രണ്ടാം ഡോസിനുള്ള തീയതി അനുവദിക്കും.

വാക്‌സിനെടുക്കാൻ എത്തുമ്പോൾ ആധാർ കാർഡ് ഹാജരാക്കണം. മറ്റ് അംഗീകൃത ഫോട്ടോ പതിപ്പിച്ച തിരിച്ചറിയൽ കാർഡുകളും സ്വീകരിക്കും. ഗുണഭോക്താവിന്റെ പ്രായം 45 മുതൽ 59 വരെയാണെങ്കിൽ എന്തെങ്കിലും അസുഖമുണ്ടോയെന്നു വ്യക്തമാക്കണം. ഇവർ ഡോക്ടർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ഹാജരാക്കണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com