രണ്ടുദിവസം സണ്‍ഷേഡില്‍ കുടുങ്ങി പൂച്ചക്കുഞ്ഞ്, വിശന്നുവലഞ്ഞ് കരച്ചില്‍; അതിസാഹസികമായി മൂന്നാം നിലയില്‍ കയറി രക്ഷപ്പെടുത്തല്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 01st March 2021 11:50 AM |
Last Updated: 01st March 2021 11:50 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കെട്ടിടത്തിന്റെ മൂന്നാം നിലയിലെ സണ്‍ഷേഡില്‍ രണ്ടുദിവസമായി കുടുങ്ങിക്കിടന്ന പൂച്ചക്കുഞ്ഞിനെ രക്ഷിച്ചു. ചാക്ക അഗ്‌നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥരാണ് പൂച്ചയെ രക്ഷിച്ചത്.
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് പൂച്ചക്കുഞ്ഞിനെ രക്ഷിക്കണം എന്ന സന്ദേശം ചാക്ക അഗ്‌നിരക്ഷ നിലയത്തില്‍ എത്തുന്നത്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഓഫീസില്‍ നിന്നാണ് വിളി എത്തുന്നത്. ഉടനെ തന്നെ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ആര്‍ വി ഗോപകുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓഫീസര്‍മാരായ രതീഷ് ആര്‍, രതീഷ്‌കുമാര്‍ ഡി, ഫയര്‍മാന്‍ ഡ്രൈവര്‍ എം പ്രദീപ് എന്നിവര്‍ സ്ഥലത്തെത്തി.
രണ്ടുദിവസം മുന്‍പാണ് സ്റ്റാഫ് ക്വാട്ടേഴ്സിന്റെ മൂന്നാം നിലയിലെ സണ്‍ഷേഡില്‍ പൂച്ചക്കുഞ്ഞ് രക്ഷപെടാന്‍ കഴിയാതെ അകപ്പെട്ടത്. ഭയവും വിശപ്പും മൂലം കരഞ്ഞുകൊണ്ടിരുന്ന പൂച്ചയെ സമീപത്തെ മുറികളിലുള്ളവര്‍ രക്ഷപെടുത്താന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് വിവരം ജീവനക്കാരെ അറിയിക്കുകയായിരുന്നു. ഫയര്‍മാന്‍ ഡ്രൈവര്‍ എം പ്രദീപ് സാഹസികമായി മൂന്നാം നിലയില്‍ കയറി പൂച്ചക്കുഞ്ഞിന്റെ അടുത്ത് എത്തി ചാക്കില്‍ കെട്ടി താഴെ ഇറക്കുകയുമായിരുന്നു.