പെൺകുട്ടിക്കൊപ്പം നടന്നതിന് പട്ടാപ്പകൽ പത്താംക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd March 2021 05:59 PM |
Last Updated: 02nd March 2021 05:59 PM | A+A A- |

നടുറോഡില്‍ പത്താംക്ലാസ് വിദ്യാര്‍ഥിയെ ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യം
കണ്ണൂർ: ഓട്ടോറിക്ഷാ ഡ്രൈവർ സ്‌കൂൾ വിദ്യാർത്ഥിയെ മർദിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. ചെയർമാൻ കെവി മനോജിന്റെ നിർദേശപ്രകാരമാണ് കമ്മീഷൻ കേസെടുത്തത്. പാനൂർ മുത്താറിപ്പീടികയിലാണ് സദാചാര ഗുണ്ടായിസം നടന്നത്. സംഭവത്തിൽ പാനൂർ പൊലീസും നേരത്തെ കേസെടുത്തിരുന്നു.
തിങ്കളാഴ്ച ഉച്ചയ്ക്കായിരുന്നു സദാചാര ഗുണ്ടായിസം അരങ്ങേറിയത്. എസ്എസ്എൽസി മോഡൽ പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഓട്ടോറിക്ഷ ഡ്രൈവർ ജിനീഷാണ് വിദ്യാർത്ഥിയെ മർദ്ദിച്ചത്. ക്ലാസിലെ പെൺകുട്ടിക്കൊപ്പം റോഡിലൂടെ നടന്നുവരികയായിരുന്നു പത്താം ക്ലാസ് വിദ്യാർത്ഥി. പെൺകുട്ടിക്കൊപ്പം നടക്കുന്നത് ചോദ്യം ചെയ്താണ് മർദ്ദനം തുടങ്ങിയതെന്ന് വിദ്യാർത്ഥി പറയുന്നു.
സ്‌കൂൾ യൂണിഫോം ധരിച്ചായിരുന്നു കുട്ടി. നാട്ടുകാർ നിരവധിപ്പേർ ഉണ്ടായിരുന്നിട്ടും എല്ലാവരും നോക്കിനിൽക്കേയായിരുന്നു മർദ്ദനം. ആരും തന്നെ തുടക്കത്തിൽ പിടിച്ചുമാറ്റാൻ ശ്രമിച്ചില്ല എന്ന് പരാതിയിൽ പറയുന്നു. മർദ്ദനം തുടരുന്നതിടെ അവസാനമാണ് നാട്ടുകാർ ഇടപെട്ടത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് ശ്രമിക്കുന്നതായി കുട്ടിയുടെ അച്ഛൻ ആരോപിച്ചു. കേസ് വേണോ ഒത്തുതീർപ്പാക്കിയാൽ പോരേ എന്ന് പൊലീസുകാർ ചോദിച്ചതായി കുട്ടിയുടെ അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു. പരാതിയിൽ അന്വേഷിക്കുകയല്ലേ വേണ്ടത് എന്ന് തിരിച്ചുചോദിച്ചതായി അച്ഛൻ പറഞ്ഞു. എന്നാൽ കേസിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.