മുകേഷും നൗഷാദും തുടരും ; മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ഇളവ് വേണം ; കൊല്ലത്ത് സിപിഎം സാധ്യതാപട്ടികയായി

ചവറയില്‍ അന്തരിച്ച എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ഡോ സുജിത് വിജയനെ മല്‍സരിപ്പിക്കാന്‍ ധാരണയായി
മുകേഷ്, പിണറായി വിജയന്‍, നൗഷാദ്, കെ എന്‍ ബാലഗോപാല്‍ / ഫയല്‍ ചിത്രം
മുകേഷ്, പിണറായി വിജയന്‍, നൗഷാദ്, കെ എന്‍ ബാലഗോപാല്‍ / ഫയല്‍ ചിത്രം

കൊല്ലം : കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിലവിലെ എഎംല്‍എയും നടനുമായ എം മുകേഷിനെ വീണ്ടും മല്‍സരിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ ധാരണയായി. മുകേഷിന് രണ്ടാമൂഴം നല്‍കാന്‍ സിപിഎം സംസ്ഥാന നേതൃത്വത്തോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗം ശുപാര്‍ശ ചെയ്തു. ഇരവിപുറത്ത് നിലവിലെ എംഎല്‍എ എം നൗഷാദിന് ഒരു ടേം കൂടി നല്‍കാനും ജില്ലാ നേതൃയോഗം തീരുമാനിച്ചു. 

ചവറയില്‍ അന്തരിച്ച എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ഡോ സുജിത് വിജയനെ മല്‍സരിപ്പിക്കാന്‍ ധാരണയായി. ഇദ്ദേഹത്തെ സിപിഎം ചിഹ്നത്തില്‍ മല്‍സരിപ്പിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടു. കുന്നത്തൂര്‍ സീറ്റ് ഏറ്റെടുക്കേണ്ടെന്നും, കോവൂര്‍ കുഞ്ഞുമോന്‍ മല്‍സരിച്ചാല്‍ പിന്തുണയ്ക്കാനും ജില്ലാ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. 

കുണ്ടറയില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ഇളവ് നല്‍കാനും സിപിഎം ജില്ലാ നേതൃയോഗം സംസ്ഥാന കമ്മിറ്റിയോട് ആഭ്യര്‍ത്ഥിച്ചു. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് ഒരു ടേം കൂടി നല്‍കണമെന്ന് നിര്‍ദേശം ഉയര്‍ന്നു. ജി സുധാകരനും തോമസ് ഐസക്കിനും നല്‍കുന്നതുപോലെ മേഴ്‌സിക്കുട്ടിയമ്മയ്ക്കും ഇളവ് നല്‍കണമെന്നാണ് ആവശ്യം. മേഴ്‌സിക്കുട്ടിയമ്മയെ മാറ്റിയാല്‍ എസ് എല്‍ സജികുമാറിനെയോ ചിന്ത ജെറോമിനെയോ പരിഗണിക്കും. 

കൊട്ടാരക്കരയില്‍ ഐഷാ പോറ്റിയെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാനും ധാരണയായി. കെ എന്‍ ബാലഗോപാലിന്റെ പേരും ഇവിടെ പരിഗണിക്കുന്നുണ്ട്. പട്ടികയിലെ ആദ്യ പേരുകാരനാകും ബാലഗോപാല്‍. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് ബാലഗോപാല്‍. അതിനാല്‍ സെക്രട്ടേറിയറ്റ് അംഗങ്ങളില്‍ ആരൊക്കെ മല്‍സരിക്കണമെന്ന് സംസ്ഥാന നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്. മൂന്നു തവണ മല്‍സരിച്ച ഐഷാപോറ്റി മല്‍സര രംഗത്തു നിന്നും ഒഴിവാകാന്‍ താല്‍പ്പര്യം അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com