'അന്ന് മോഹന്‍ലാലും ആന്റണിയുമാണ് ധൈര്യം തന്നത്' ; പാര്‍ട്ടി പറയട്ടെ, നോക്കാം: രഞ്ജിത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd March 2021 12:23 PM |
Last Updated: 02nd March 2021 12:29 PM | A+A A- |
രഞ്ജിത്ത്/ടെലിവിഷന്‍ ചിത്രം
കോഴിക്കോട്: പാര്‍ട്ടി തീരുമാനിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സന്നദ്ധനാണെന്നു വ്യക്തമാക്കി സംവിധായകന്‍ രഞ്ജിത്ത്. സ്ഥാനാര്‍ഥിയാവുന്നതിനായി സിപിഎം ബന്ധപ്പെട്ടിരുന്നുവെന്ന് സ്ഥിരീകരിച്ച രഞ്ജിത്ത് തീരുമാനം പാര്‍ട്ടി എടുക്കട്ടെയെന്നു മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
മത്സരിക്കുമോയെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനോട് രഞ്ജിത്തിന്റെ പ്രതികരണം ഇങ്ങനെ: ''ആദ്യത്തെ സിനിമ ചെയ്യുമ്പോഴും എനിക്ക് ഈ സംശയം ഉണ്ടായിരുന്നു. ഒരു കൊമേഴ്‌സ്യല്‍ സിനിമ ചെയ്യാനാവുമോയെന്ന്. അന്ന് മോഹന്‍ലാലും ആന്റണി പെരുമ്പാവൂരുമൊക്കെയാണ് ധൈര്യം തന്നത്.'' ചുറ്റുമുള്ള എല്ലാവരും ധൈര്യം തന്നാല്‍ നോക്കാമെന്ന് രഞ്ജിത്ത് പറഞ്ഞു.
''മത്സരിക്കാനായി പാര്‍ട്ടി ബന്ധപ്പെട്ടിരുന്നു. പാര്‍ട്ടി പറയുമോ എന്നു നോക്കട്ടെ. എന്നിട്ടു പറയാം. രാഷ്ട്രീയത്തെ രണ്ടു രീതിയില്‍ കാണാം. സ്ഥിരമായി അതില്‍ നില്‍ക്കുന്നവരാണ് ഒരു വിഭാഗം. അല്ലാതെ ഉള്ളവര്‍ക്കും ഭരണസംവിധാനത്തിന്റെ ഭാഗമായി മാറാം. എന്റെ കര്‍മമേഖല സിനിമയാണ്. സിനിമയില്‍ ഇപ്പോള്‍ 33 വര്‍ഷമായി.''
പ്രദീപ് കുമാര്‍ നടത്തിയ മികച്ച പ്രവര്‍ത്തനത്തിന്റെ ഫലമാണ് കോഴിക്കോട് നോര്‍ത്ത് ഉറച്ച മണ്ഡലമായി മാറിയതെന്ന് രഞ്ജിത്ത് പറഞ്ഞു. പ്രദീപ് പ്രാപ്തനായ എംഎല്‍എയാണ്. അങ്ങനെയൊരു എംഎല്‍എയെ കോഴിക്കോടിനു കിട്ടാന്‍ പ്രയാസമാണെന്നും രഞ്ജിത് പറഞ്ഞു.