മല്‍സരിക്കാനില്ലെന്ന് മുല്ലപ്പള്ളി ; സുധീരനും കുര്യനും സ്ഥാനാര്‍ത്ഥിയാവില്ല ; നിലപാട് അറിയിച്ചത് നേതൃയോഗത്തില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd March 2021 02:30 PM |
Last Updated: 02nd March 2021 02:30 PM | A+A A- |
കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു സമിതി യോഗത്തില്‍ നിന്ന് / ഫെയ്‌സ്ബുക്ക്
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ല. യുഡിഎഫിനെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യമെന്നും മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് മുല്ലപ്പള്ളി ഇക്കാര്യം അറിയിച്ചത്.
വി എം സുധീരനും പി ജെ കുര്യനും മല്‍സരിക്കാനില്ലെന്ന് കെപിസിസി നേതൃത്വത്തെ അറിയിച്ചു. തന്നെ പരിഗണിക്കരുതെന്ന് ആവശ്യപ്പെട്ട് പി ജെ കുര്യന്‍ കത്തും നല്‍കി. നാലും അഞ്ചും തവണ മല്‍സരിച്ചവരെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് വി എം സുധീരന്‍ ആവശ്യപ്പെട്ടു. താന്‍ മല്‍സരത്തിനില്ല എന്നും സുധീരന്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മല്‍സരിക്കാന്‍ സുധീരന് മേല്‍ ശക്തമായ സമ്മര്‍ദ്ദമുണ്ട്.
തെരഞ്ഞെടുപ്പില്‍ പതിവ് മുഖങ്ങള്‍ മാറണമെന്ന് പി സി ചാക്കോ ആവശ്യപ്പെട്ടു. നാലു ടേം മല്‍സരിച്ചവര്‍ മാറിനില്‍ക്കണം. പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കണം.വീണ്ടും സ്ഥാനാര്‍ത്ഥി നിര്‍ണയം ഗ്രൂപ്പ് വീതംവെയ്പ്പായി മാറുമോ എന്നും ചാക്കോ ആശങ്ക പ്രകടിപ്പിച്ചു. പരമാവധി അഭിപ്രായം ശേഖരിച്ചശേഷം മാത്രമേ സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാവൂ എന്നും ചാക്കോ പറഞ്ഞു.
നേമത്തോ വട്ടിയൂര്‍ക്കാവിലോ മല്‍സരിക്കുമെന്നത് അഭ്യൂഹം മാത്രമെന്ന് കെ മുരളീധരന്‍ എം പി പറഞ്ഞു. എംപിമാര്‍ മല്‍സരിക്കേണ്ടന്നാണ് തീരുമാനമെന്ന് കെ സുധാകരന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. മുരളിക്ക് ഇളവുണ്ടോയെന്ന് എഐസിസി പറയുമെന്നും സുധാകരന്‍ പറഞ്ഞു. പാലക്കാട് ഇടഞ്ഞുനില്‍ക്കുന്ന എ. വി ഗോപിനാഥുമായി നേതൃത്വം സംസാരിച്ച് പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും സുധാകരന്‍ പറഞ്ഞു.