നേമത്ത് ശിവന്‍കുട്ടി ?, കോഴിക്കോട് രഞ്ജിത്ത് ?; സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സിപിഎം ജില്ലാ നേതൃയോഗങ്ങള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd March 2021 07:15 AM |
Last Updated: 03rd March 2021 07:15 AM | A+A A- |
ശിവന്‍കുട്ടി, രഞ്ജിത്ത് / ഫയല്‍ ചിത്രം
കൊച്ചി : സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങള്‍ ചേരും. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളാണ് ചേരുക. തിരുവനന്തപുരത്ത് ആറ്റിങ്ങല്‍ ഒഴികെയുള്ള മണ്ഡലങ്ങളില്‍ സിറ്റിങ് എംഎല്‍എമാര്‍ തന്നെ മല്‍സരിച്ചേക്കും. നേമത്ത് വി ശിവന്‍കുട്ടി തന്നെ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
കോട്ടയത്ത് ഏറ്റുമാനൂരില്‍ വീണ്ടും സുരേഷ് കുറുപ്പിന് അവസരം കൊടുക്കണോ എന്നതാണ് പ്രധാന ചര്‍ച്ചാവിഷയം. പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ യുവ നേതാവ് ജെയ്ക് സി തോമസ് അടക്കം നിരവധി പേരുകള്‍ പരിഗണിക്കുന്നുണ്ട്. പൂഞ്ഞാര്‍ സീറ്റ് കേരള കോണ്‍ഗ്രസില്‍ നിന്നും ഏറ്റെടുത്തേക്കും.
തൃശൂരില്‍ ഇരിങ്ങാലക്കുട ഒഴികെയുള്ള മണ്ഡലങ്ങളില്‍ സിറ്റിങ് എംഎല്‍എമാര്‍ തുടര്‍ന്നേക്കും. മന്ത്രിമാരായ എ സി മൊയ്തീന്‍, സി രവീന്ദ്രനാഥ് എന്നിവര്‍ വീണ്ടും മല്‍സരിച്ചേക്കും. കോഴിക്കോട് എ പ്രദീപ് കുമാറിന് വീണ്ടും അവസരം നല്‍കണോ എന്നതടക്കം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും. പ്രദീപിന് പകരം സിനിമാ തിരക്കഥാകൃത്ത് രഞ്ജിത്തിന്റെ പേര് ഉയര്‍ന്നു വന്നിട്ടുണ്ട്.
സിപിഐ സംസ്ഥാന നേതൃയോഗവും ഇന്ന് തിരുവനന്തപുരത്ത് ചേരും. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി ജില്ലാ കൗണ്‍സിലുകള്‍ വിളിച്ചു ചേര്‍ക്കുന്നതില്‍ യോഗം തീരുമാനമെടുക്കും. ഈ ആഴ്ച തന്നെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാണ് സിപിഐ ആലോചിക്കുന്നത്.