ഇഡിയില്‍ ഉള്ളത് കിഫ്ബി എന്തെന്ന് അറിയാത്ത കോമാളികള്‍; രൂക്ഷ വിമര്‍ശനവുമായി ഐസക്ക് 

കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് ഐസക്ക്
തോമസ് ഐസക്ക്/ടെലിവിഷന്‍ ചിത്രം
തോമസ് ഐസക്ക്/ടെലിവിഷന്‍ ചിത്രം

തിരുവനന്തപുരം: കിഫ്ബി എന്തെന്നറിയാത്ത ഒരൂ കൂട്ടം കോമാളികളാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റില്‍ ഉള്ളതെന്ന് ധനമന്ത്രി തോമസ് ഐസക്ക്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പുകാലത്ത് രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുകയാണെന്ന് ഐസക്ക് ആരോപിച്ചു. ഫെമ ചട്ട ലംഘനത്തിന്റെ പേരില്‍ കിഫ്ബിക്കെതിരെ ഇഡി കേസെടുത്ത പശ്ചാത്തലത്തിലാണ് ഐസക്കിന്റെ പ്രതികരണം.

കിഫ്ബി ഏതോ നിക്ഷേപ സ്ഥാപനമെന്ന മട്ടിലാണ് ഇഡി ഉദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍. കിഫ്ബിയിലെ ഉദ്യോഗസ്ഥരെ ഇഡി ഫെബ്രുവരി ആദ്യം വിളിച്ചു വിവരങ്ങള്‍ ആരാഞ്ഞിരുന്നു. ഫെമ ചട്ട ലംഘനമുണ്ടോ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടോ എന്ന മട്ടിലൊക്കെയായിരുന്നു ചോദ്യങ്ങള്‍. കിഫ്ബി എന്തെന്നറിയാത്ത ഒരു കൂട്ടം കോമാളികളാണ്. മാര്‍ച്ച് എട്ടിനു വീണ്ടും ഹാജരാവാന്‍ തീയതി നിശ്ചയിച്ചിരിക്കെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. നിര്‍മല സീതാരാമന്‍ കേരളത്തില്‍ വന്ന് കിഫ്ബിക്കെതിരെ വന്നു പ്രസംഗിച്ചതിനു പിന്നാലെയാണ് നടപടി. കേന്ദ്ര ധനമന്ത്രിയുടെ കീഴിലുള്ള സംവിധാനമാണ് ഇഡി. നിര്‍മല സീതാരാമന്‍ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ തെരഞ്ഞെടുപ്പു നേട്ടത്തിന് ഉപയോഗിക്കുകയാണ്- ഐസക് ആരോപിച്ചു.

ഫെമ ആര്‍ബിഐയുടെ മേല്‍നോട്ടത്തില്‍ നടപ്പാക്കപ്പെടുന്ന നിയമമാണ്. നിയമ പ്രകാരം ആര്‍ക്കൊക്കെ വിദേശ വായ്പയെടുക്കാം എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. രാജ്യത്തെ ഏതു ബോഡി കോര്‍പ്പറേറ്റിനും ആര്‍ബിഐ അനുമതിയോടെ വായ്പയെടുക്കാം. അങ്ങനെ ആര്‍ബിഐ അനുമതിയോടെയാണ് കിഫ്ബി വായ്പയെടുക്കുന്നത്.  കള്ളപ്പണം വെളുപ്പിക്കാന്‍ കിഫ്ബി നിക്ഷേപ സ്ഥാപനമല്ല. പ്രാഥമികമായ ഇത്തരം കാര്യങ്ങള്‍ പോലും മനസ്സിലാക്കെയാണ് ഇതൊക്കെ അന്വേഷിക്കുന്നത്.

വെറും വിവരക്കേടു കൊണ്ടാണ് ഇതൊക്കെ ചെയ്യുന്നതെന്നു കരുതാനാവില്ല. ഭീഷണിപ്പെടുത്തലാണ്. അതിവിടെ വിലപ്പോവില്ല. ഉത്തരേന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കളുടെ അടുത്തു നടത്തുന്ന തന്ത്രം കേരളത്തില്‍ നടക്കില്ലെന്ന് ഐസക് പറഞ്ഞു. ഉദ്യോഗസ്ഥര്‍ ഇഡിക്കു മുന്നില്‍ ഹാജരാവും. എന്നാല്‍ ഭീഷണി നടക്കില്ല. അവര്‍ ആഗ്രഹിക്കുന്ന ഉത്തരം നല്‍കാനാണ് ഉദ്യോഗസ്ഥരെ നിര്‍ബന്ധിക്കുന്നതെന്ന് ഐസക് പറഞ്ഞു.  

കിഫ്ബി ഒരു ധനകാര്യ സ്ഥാപനമാണ്. അതിനെ തളര്‍ത്താനാണ് ശ്രമം. അതുവഴി കേരള വികസനം അട്ടിമറിക്കാനാണ് നോക്കുന്നത്. കേന്ദ്രം ഭരിക്കുന്ന ബിജെപി ഇതൊക്കെ ചെയ്യുമെന്നു മുന്‍കൂട്ടി കണ്ടാണ് പതിനായിരം കോടി അഡ്വാന്‍സായി വായ്പയെടുത്തതെന്ന് ഐസക്ക് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com