'ആ വാര്‍ത്ത മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥ' ; തെരഞ്ഞെടുപ്പില്‍ ജമീല മല്‍സരിക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍

ജമീലയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്നും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും ബാലന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

പാലക്കാട് : നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ ഭാര്യ ഡോ. പി കെ ജമീല മല്‍സരിക്കില്ലെന്ന് മന്ത്രി എ കെ ബാലന്‍. ജമീലയുടെ പേര് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ സാധ്യതാ പട്ടികയില്‍ ഇടംപിടിച്ചു എന്നത് ശുദ്ധ അസംബന്ധമാണ്. പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ ഇത്തരം ചര്‍ച്ചയുണ്ടായിട്ടില്ലെന്ന് ബാലന്‍ പറഞ്ഞു. 

ഇത്തരം വാര്‍ത്തകള്‍ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണ്. ഒരു കേന്ദ്രത്തില്‍നിന്നാണ് ഈ വാര്‍ത്ത പുറത്തുവന്നത്. ജമീലയുടെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച വാര്‍ത്ത ശുദ്ധ അസംബന്ധമാണെന്നും വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്നും ബാലന്‍ മാധ്യമങ്ങളോട് പറഞ്ഞു. 

'ഒരു സ്‌ക്രിപ്റ്റ് ഒരു കേന്ദ്രത്തില്‍നിന്ന് മാധ്യമപ്രവര്‍ത്തകര്‍ക്ക് കിട്ടി. അതുവെച്ചാണ് വാര്‍ത്ത കൊടുത്തത്. അതിനെക്കുറിച്ച് അറിയാന്‍ പറ്റാത്ത ആളാണ് എ കെ ബാലന്‍ എന്ന് നിങ്ങള്‍ വിചാരിക്കേണ്ട. അങ്ങനെയുള്ള ഒരു ചര്‍ച്ചയും അവിടെ നടന്നിട്ടില്ല. ചര്‍ച്ചയുടെ ഉള്ളടക്കം പങ്കുവെയ്ക്കാനും ഉദ്ദേശ്യമില്ല. ആരുടെയെല്ലാം പേരുവന്നു എന്ന് എന്നെക്കൊണ്ട് പറയിപ്പിക്കുകയാണ് നിങ്ങളുടെ ഉദ്ദേശ്യമെങ്കില്‍ അത് നടക്കില്ല' എ കെ ബാലന്‍ പറഞ്ഞു. 

കഴിഞ്ഞദിവസം നടന്ന സിപിഎം ജില്ലാ സെക്രട്ടേറിയേറ്റിലാണ് എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീലയുടെ പേര് തരൂര്‍ മണ്ഡലത്തിലെ സാധ്യത പട്ടികയില്‍ ഇടംപിടിച്ചതായി വാര്‍ത്ത പുറത്തുവന്നത്. ജമീലയുടെ പേരിനെതിരെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ പി.കെ. ശശി, എം.ബി. രാജേഷ്, സി.കെ. ചാത്തുണ്ണി, വി.കെ. ചന്ദ്രന്‍, വി. ചെന്താമരാക്ഷന്‍ തുടങ്ങിയവര്‍ എതിര്‍ത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com