ഇ ശ്രീധരന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ല; സുരേന്ദ്രനെ തിരുത്തി വി മുരളീധരന്‍

മെട്രോമാന്‍ ഇ ശ്രീധരനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍
ഇ ശ്രീധരന്‍/ഫയല്‍
ഇ ശ്രീധരന്‍/ഫയല്‍

കൊച്ചി: മെട്രോമാന്‍ ഇ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കുന്നതില്‍ ബിജെപിയില്‍ ആശയക്കുഴപ്പം. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനുമായി താന്‍ സംസാരിച്ചുെവന്നും ഇ ശ്രീധരന്‍ മുഖ്യമന്ത്രിയാകാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് സുരേന്ദ്രന്‍ പറഞ്ഞതെന്നും വി മുരളീധരന്‍ വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാറില്ലെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

ഇ ശ്രീധരന്‍ കേരളത്തില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാണെന്ന് കെ സുരേന്ദ്രന്‍ രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശ്രീധരന്റെ നേതൃത്വത്തില്‍ കേന്ദ്രവുമായി സഹകരിച്ച് പതിന്മടങ്ങ് ശക്തിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ടുപോവാനാവുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

പതിനെട്ടു മാസം കൊണ്ടു പൂര്‍ത്തിയാക്കേണ്ട പാലാരിവട്ടം പാലം പുനര്‍നിര്‍മാണം അഞ്ചു മാസം കൊണ്ടാണ് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയത്. ഈ വികസന മാതൃകയാണ് ബിജെപി മുന്നോട്ടുവയ്ക്കുന്നത്. ഇ ശ്രീധരന്‍ കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവണമെന്ന് ആഗ്രഹം ബിജെപി പ്രകടിപ്പിച്ചത് അതുകൊണ്ടാണ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ പതിന്മടങ്ങ് ശക്തിയില്‍ കേരളത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ഈ ശ്രീധരന്റെ നേതൃത്വത്തില്‍ എന്‍ഡിഎയ്ക്കു കഴിയുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു.

മുഖ്യമന്ത്രിയാവാന്‍ തയാറാണെന്ന്, നേരത്തെ ബിജെപിയില്‍ ചേരും മുമ്പ് ഇ ശ്രീധരന്‍ മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com