സബ് കളക്ടറെന്ന് പരിചയപ്പെടുത്തി ഹണിട്രാപ്പ്, മധ്യവയസ്കനിൽ നിന്ന് തട്ടിയത് 17 ലക്ഷവും സ്വർണവും, യുവതിയെ നോയിഡയിൽ നിന്ന് പൊക്കി പൊലീസ്

വലിയ തുകയുടെ ഇൻഷുറൻസ് എടുക്കാമെന്നു വിശ്വസിപ്പിച്ചു ഹോട്ടൽ മുറികളിലും ഫ്ലാറ്റ‍ുകളിലും വിളിച്ചുവരുത്തി കെണിയിൽപ്പെടുത്തിയെന്നാണു പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തൃശൂർ; സബ് കളക്ടറെന്ന് തെറ്റിദ്ധരിപ്പിച്ച് ഹണിട്രാപ്പിൽ പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത യുവതി പൊലീസ് പിടിയിൽ. തൃശൂർ സ്വദേശിനിയായ 33 കാരി ധന്യ ബാലനാണ് അറസ്റ്റിലായത്. തൃശൂരിൽ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥനെ കെണിയിൽ കുടുക്കി നഗ്നചിത്രങ്ങൾ കൈവശപ്പെടുത്തി പണംതട്ടിയതിനാണ് അറസ്റ്റ്. 17 ലക്ഷം രൂപയും 5 ലക്ഷം രൂപയുടെ ആഭരണങ്ങളുമാണ് യുവതി കവർന്നത്. 

തൃശൂരിൽ സ്ഥലം മാറിയെത്തിയ സബ് കലക്ടർ ട്രെയിനിയാണെന്നു തെറ്റിദ്ധരിപ്പിച്ചാണ് ധന്യ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥനുമായി അടുത്തത്. വലിയ തുകയുടെ ഇൻഷുറൻസ് എടുക്കാമെന്നു വിശ്വസിപ്പിച്ചു ഹോട്ടൽ മുറികളിലും ഫ്ലാറ്റ‍ുകളിലും വിളിച്ചുവരുത്തി കെണിയിൽപ്പെടുത്തിയെന്നാണു പരാതി. നഗ്നചിത്രങ്ങൾ പകർത്തുകയും ഇവ കുടുംബാംഗങ്ങൾക്ക് അയച്ചു നൽകുമെന്നു ഭീഷണിപ്പെടുത്തി 17 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്തു. ഉത്തർ പ്രദേശിലെ നോയിഡയിൽ നിന്നാണ് ഇവർ സിറ്റി പൊലീസിന്റെ പിടിയിലാവുന്നത്. അവർ ഏറെനാളായി നോയിഡയിൽ സ്ഥിരതാമസമാണ്. 

ഡൽഹി കേഡറിൽ ജോലിചെയ്യുന്ന ഐഎഎസ് ട്രെയിനിയാണെന്ന പേരിലാണ് ധന്യ ബാലൻ ഇരകളെ കുടുക്കിയിരുന്നത്. പരിശീലനത്തിനായി നാട്ടിലെത്തിയതാണെന്നും ഡൽഹിയിലാണ‍ു സ്ഥിരത‍ാമസമെന്നും ധന്യ ഇരകളെ വിശ്വസിപ്പിക്കും. ഇൻകം ടാക്സ് ഓഫിസറാണെന്ന് പറഞ്ഞും ഇവർ തട്ടിപ്പു നടത്തിയിട്ടുണ്ട്. ഇവരെ തേടി നോയിഡയിലെത്തിയ പൊലീസ് സംഘത്തോട് അയൽവാസികൾ പറഞ്ഞത് ധന്യ മിലിറ്ററി ഓഫിസർ ആണെന്നാണ്. ഇംഗ്ലിഷും ഹിന്ദിയും അനായാസം കൈകാര്യം ചെയ്യാനുള്ള കഴിവാണു ധന്യയെ തട്ടിപ്പുകളിൽ വിജയിപ്പിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com