'മനുഷ്യര്‍ മരിച്ചുവീഴുന്നതു കണ്ടാണ് ഇടപെട്ടത്'; ശ്രീ എം പറയുന്നു

എനിക്കു നരേന്ദ്ര മോദിയെയും പിണറായി വിജയനെയും അറിയാം. ഇരുവരുമായും നല്ല ബന്ധമാണുള്ളത്. അതുകൊണ്ടു മാത്രം ഞാന്‍ അവര്‍ക്കു സഖ്യമുണ്ടാക്കാന്‍ ഇടനിലക്കാരനായി നിന്നു എന്നൊക്കെ പറയാമോ? 
ശ്രീ എം/ഫെയ്‌സ്ബുക്ക്
ശ്രീ എം/ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: കണ്ണൂരിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ കുറയ്ക്കാനുള്ള ചര്‍ച്ചകളില്‍ മധ്യസ്ഥനായത് ഒരു രാഷ്ട്രീയ അജന്‍ഡയുടെയും ഭാഗമായി അല്ലെന്ന് യോഗാചാര്യന്‍ ശ്രീ എം. മനുഷ്യര്‍ മരിച്ചുവീഴുന്നതു കണ്ടാണ് ഇടപെട്ടത്. മാനുഷികമായ ഇടപെടലായിരുന്നു അതെന്ന്, ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസുമായുള്ള അഭിമുഖത്തില്‍ ശ്രീ എം പറഞ്ഞു. ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ സിപിഎമ്മും ആര്‍എസ്എസും തമ്മില്‍ സഖ്യമുണ്ടാക്കിയെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണം.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ 2016ല്‍ നടത്തിയ പദയാത്രയില്‍ ചിലര്‍ അഭിപ്രായപ്പെട്ടത് അനുസരിച്ചാണ് മധ്യസ്ഥ ചര്‍ച്ച നടത്തിയതെന്ന് ശ്രീ എം പറഞ്ഞു. ആദ്യം കണ്ണൂരില്‍നിന്നുള്ള ഒരാളാണ് ഇക്കാര്യം നിര്‍ദേശിച്ചത്. പിന്നീട് വാരാണസിയില്‍നിന്നുള്ള മറ്റൊരാളും ഇതേ കാര്യം പറഞ്ഞു. കണ്ണൂരില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമാണ്. ഇതില്‍ ഇടപെടാനാവുമോയെന്നായിരുന്നു ചോദ്യം. എനിക്ക് സിപിഎം നേതാക്കളുമായും ആര്‍എസ്എസ് നേതാക്കളുമായും നല്ല ബന്ധമാണുള്ളത്. അതുകൊണ്ട് മധ്യസ്ഥതയ്ക്കു ശ്രമിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

അതിനു മുമ്പ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സിപിഎം കണ്ണൂരില്‍ ഒരു യോഗാ പരിപാടി സംഘടിപ്പിച്ചിരുന്നു. അതിന്റെ ഉദ്ഘാടനത്തിന് പിണറായി വിജയന്‍ എന്നെ വിളിച്ചു. രാഷ്ട്രീയ സംഘര്‍ഷം തീര്‍ക്കാന്‍ ഇരുകൂട്ടരും ആയുള്ള ഒരു ചര്‍ച്ച ആവാമോയെന്ന് അന്നു പിണറായിയോട് ചോദിച്ചു. അതിനു അപ്പുറത്തുള്ളവര്‍ക്കും കൂടി തോന്നേണ്ടേ എന്നായിരുന്നു പ്രതികരണം. പിന്നീട് ഡല്‍ഹിയില്‍ ഒരു പരിപാടിയില്‍വച്ച് മോഹന്‍ ഭാഗവതിനെ കണ്ടപ്പോള്‍ ഇതേ കാര്യം ഉന്നയിച്ചു. അദ്ദേഹവും സമാനമായ രീതിയിലാണ് പ്രതികരിച്ചത്.

പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയില്‍ ആര്‍എസ്എസിനെ പ്രതിനിധീകരിച്ച് ഗോപാലന്‍ കുട്ടിയും മറ്റു ചില മുതിര്‍ന്ന നേതാക്കളുമാണ് ഉണ്ടായിരുന്നത്. ബിജെപി നേതാക്കള്‍ ആരും ചര്‍ച്ചകളില്‍ ഉണ്ടായിരുന്നില്ല. കണ്ണൂരില്‍ നടന്ന ചര്‍ച്ചയില്‍ കോടിയേരി ബാലകൃഷ്ണനും പി ജയരാജനും പങ്കെടുത്തു. ആ ചര്‍ച്ചയാണ് ഫലം കണ്ടത്. 

ഒരു രാഷ്ട്രീയ അജന്‍ഡയുടെയും ഭാഗമായിരുന്നില്ല ചര്‍ച്ച. മനുഷ്യജീവനുകളാണ് പൊലിഞ്ഞുകൊണ്ടിരുന്നത്. അതില്‍ മാനുഷികമായ ഇടപെടലാണ് നടത്തിയത്. എന്റെ ജീവനു തന്നെ ഭീഷണിയുണ്ടാവുമെന്ന് പലരും അന്നു മുന്നറിയിപ്പു നല്‍കിയിരുന്നു. 

എനിക്കു നരേന്ദ്ര മോദിയെയും പിണറായി വിജയനെയും അറിയാം. ഇരുവരുമായും നല്ല ബന്ധമാണുള്ളത്. അതുകൊണ്ടു മാത്രം ഞാന്‍ അവര്‍ക്കു സഖ്യമുണ്ടാക്കാന്‍ ഇടനിലക്കാരനായി നിന്നു എന്നൊക്കെ പറയാമോ? 

തിരുവനന്തപുരത്ത് യോഗാ കേന്ദ്രം തുടങ്ങാന്‍ സര്‍ക്കാര്‍ നാല് ഏക്കര്‍ ഭൂമി അനുവദിച്ചത് പ്രതിഫലം എന്ന നിലയില്‍ അല്ല. യോഗാ കേന്ദ്രം തുടങ്ങുന്നതിനു ഭൂമിക്കായി ഞങ്ങള്‍ അപേക്ഷ നല്‍കിയിരുന്നു. ചീഫ് സെക്രട്ടറിക്കാണ് അപേക്ഷ നല്‍കിയത്. അത് തെരഞ്ഞെടുപ്പിനു മുമ്പായി പരിഗണിക്കപ്പെട്ടെന്നു മാത്രം. വിവാദമായപ്പോള്‍ ആദ്യം പദ്ധതി ഉപേക്ഷിക്കാനാണ് തോന്നിയത്. പിന്നെ കരുതി, ഉപേക്ഷിച്ചാല്‍ ആരോപണങ്ങളെല്ലാം ശരിയാണെന്നു സമ്മതിക്കലാവും. അതുകൊണ്ട് പദ്ധതിയുമായി മുന്നോട്ടുപോവാനാണ് ഉദ്ദേശിക്കുന്നത്- ശ്രീ എം പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com