കോലീബീ സഖ്യം പോലെ തലയില്‍ മുണ്ടിട്ട് പോയിട്ടില്ല; ശ്രീ എം മതേതരവാദിയായ യോഗിവര്യന്‍; മുഖ്യമന്ത്രി
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th March 2021 07:26 PM |
Last Updated: 04th March 2021 07:26 PM | A+A A- |

പിണറായി വിജയന്‍ / ഫയല്‍
തിരുവനന്തപുരം:ശ്രീ എം മതേതരവാദിയായ യോഗിവര്യനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് ചര്‍ച്ച നടത്തിയതെന്നും അത് രാഷ്ട്രീയ ബാന്ധവമായി ചിത്രീകരിക്കേണ്ടതില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സമാധാനം നിലനിര്‍ത്തുന്നതിന് മുഖ്യമന്ത്രി എന്ന നിലയില്‍ സ്വാഭാവികമായും നടപടിയെടുക്കേണ്ടതുണ്ട്. അതില്‍ ശ്രീ എം നേതൃപരമായ പങ്ക് വഹിച്ചു എന്നത് സത്യമാണ്. ശ്രീ എം എന്റെ അടുത്ത് വന്ന് സംസാരിച്ചിരുന്നു. സമാധാന ചര്‍ച്ചയ്ക്ക് നേതൃത്വം വഹിക്കുകയും ചെയ്തു. അദ്ദേഹം സെക്കുലര്‍ ആയ യോഗിവര്യനാണ് എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. അതുകൊണ്ടാണ് അദ്ദേഹത്തെ പോലൊരാളുമായി സഹകരിക്കാന്‍ തയ്യാറായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഎമ്മും ആര്‍എസ്എസും തമ്മില്‍ നടത്തിയ ചര്‍ച്ചയെക്കുറിച്ച് വെളിപ്പെടുത്തലുണ്ടായ പുസ്തകത്തില്‍ ഒരിടത്തും അത് രാഷ്ട്രീയ ബാന്ധവത്തിനുള്ള ചര്‍ച്ചയാണെന്ന് പറഞ്ഞിട്ടില്ല. മനുഷ്യ ജീവന്‍ സംരക്ഷിക്കാന്‍ വേണ്ടിയാണ് ചര്‍ച്ച നടത്തിയത്. അത്തരത്തിലുള്ള ചര്‍ച്ചകളില്‍ കോണ്‍ഗ്രസ് നേതാക്കളും പങ്കെടുത്തിട്ടുണ്ട്. ശ്രീ എം പങ്കെടുത്ത പദയാത്രയില്‍ കോണ്‍ഗ്രസ് നേതാക്കളും ഉണ്ടായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമാധാനം ഉറപ്പുവരുത്താന്‍ ആരുമായും ചര്‍ച്ചനടത്തുന്നതിന് ഞങ്ങള്‍ തയ്യാറായിട്ടുണ്ട്. ഉഭയകക്ഷി ചര്‍ച്ച നടന്ന കാര്യം നിയമസഭയില്‍ അടക്കം വ്യക്തമാക്കിയിട്ടുള്ളതാണ്. കോലീബീ സഖ്യംപോലെ രാഷ്ട്രീയ കള്ളക്കച്ചവടത്തിന് തലയില്‍ മുണ്ടിട്ട് പോയവര്‍ ഇവിടെത്തന്നെ ഉണ്ട്. അങ്ങനെ ഞങ്ങളാരും ചര്‍ച്ചയ്ക്ക് പോയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.