'പിണറായി വിജയന്‍ ഇടതുപക്ഷത്തേക്ക് ആകര്‍ഷിച്ചു, കൂടെ നിന്ന് നയിച്ചു'; ലീഗ് നേതാവ് പെരിന്തല്‍മണ്ണ സ്ഥാനാര്‍ഥി?

പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന സൂചന നല്‍കി മുസ്ലീംലീഗ് നേതാവും മുന്‍ മലപ്പുറം നഗരസഭ പ്രസിഡന്റുമായ കെ പി മുഹമ്മദ് മുസ്തഫയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
മുഹമ്മദ് മുസ്തഫ/ ഫെയ്‌സ്ബുക്ക് ചിത്രം
മുഹമ്മദ് മുസ്തഫ/ ഫെയ്‌സ്ബുക്ക് ചിത്രം

മലപ്പുറം: പെരിന്തല്‍മണ്ണ മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന സൂചന നല്‍കി മുസ്ലീംലീഗ് നേതാവും മുന്‍ മലപ്പുറം നഗരസഭ പ്രസിഡന്റുമായ കെ പി മുഹമ്മദ് മുസ്തഫയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 'പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന ഭരണം ഇടതുപക്ഷത്തേക്ക് ആകര്‍ഷിച്ചു. ഇത്രയും  വികസനവും, സാമൂഹ്യസുരക്ഷയും , ഉറപ്പാക്കിയ ഭരണം  കേരളത്തില്‍  ഇതുവരെ ഉണ്ടായിട്ടില്ല. കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രകൃതിദുരന്തവും മഹാമാരിയും തരണം ചെയ്യാന്‍ പിണറായി വിജയന്‍ ജനങ്ങളുടെ കൂടെ നിന്ന്  നമ്മെ നയിച്ചു.'- കെ പി മുഹമ്മദ് മുസ്തഫ ഫെയസ്ബുക്കില്‍ കുറിച്ചു.

'ശിഷ്ടകാലം  ജനങ്ങളെ സേവിച്ചു ജീവിക്കുവാന്‍ ആഗ്രഹിക്കുന്നു. അതിന് കിട്ടുന്ന ഒരു അവസരവും  പാഴാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഒരു നല്ല ജനസേവകന്‍ ആയി ജീവിക്കുവാനാണ് ആഗ്രഹിക്കുന്നത്'- മുഹമ്മദ് മുസ്തഫയുടെ വരികള്‍ ഇങ്ങനെ. 

നിലവില്‍ മുസ്ലീം ലീഗിലെ മഞ്ഞളാംകുഴി അലിയാണ് പെരിന്തല്‍മണ്ണ എംഎല്‍എ. 2016ല്‍ സിപിഎം നേതാവ് വി ശശികുമാറിനെ 579 വോട്ടുകള്‍ക്കാണ് മഞ്ഞളാംകുഴി അലി പരാജയപ്പെടുത്തിയത്. പെരിന്തല്‍മണ്ണയില്‍ മുഹമ്മദ് മുസ്തഫ മത്സരിക്കുമെന്ന് നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. ഇഎംഎസിന്റെ ജന്മസ്ഥലം എന്ന നിലയില്‍ പെരിന്തല്‍മണ്ണ സിപിഎമ്മിന് ഏറെ സ്വാധീനമുള്ള മണ്ഡലമാണ്. ഇവിടെ പാര്‍ട്ടി ചിഹ്നമില്ലാതെ സ്വതന്ത്രനായിട്ടാകും മുഹമ്മദ് മുസ്തഫയെ മത്സരിപ്പിക്കുക എന്നാണ് വിവരം.

കുറിപ്പ്:

പ്രിയ സുഹൃത്തുക്കളെ സഹോദരി സഹോദരന്മാരെ. 

ഞാന്‍  മലപ്പുറത്ത്  മുസ്ലിം ലീഗ് പ്രവര്‍ത്തകന്‍ ആകുന്നത്  2002ലാണ്.  മലപ്പുറത്തെ മൈലപ്പുറം വാര്‍ഡില്‍  വൈസ് പ്രസിഡണ്ടായി എന്റെ രാഷ്ട്രീയ പ്രവര്‍ത്തനമാരംഭിച്ചു. പിന്നീട്  മലപ്പുറത്തിലെ സ്വതന്ത്ര മോട്ടോര്‍ തൊഴിലാളി യൂണിയന്‍ പ്രസിഡന്റായി. മോട്ടോര്‍ തൊഴിലാളി യൂണിയന്‍  വളരെ ശക്തമായി തന്നെ സംഘടിപ്പിച്ചു , പിന്നീട് ഇലക്ഷനിലൂടെ  സ്വതന്ത്ര മോട്ടോര്‍ തൊഴിലാളി യൂണിയന്‍ ജില്ലാ പ്രസിഡണ്ടായി. 2005 ല്‍ വലിയങ്ങാടിയിലും 2010ല്‍ മൈലപ്പുറത്തും മത്സരിച്ച് ജയിച്ചു. മലപ്പുറം മുനിസിപ്പല്‍ ചെയര്‍മാന്‍ ആയി. 
എന്നാല്‍ കഴിയുന്ന രീതിയില്‍ അഞ്ചു വര്‍ഷം  ഞാന്‍  മലപ്പുറം മുനിസിപ്പാലിറ്റിയെ നയിച്ചു. ഒരു അഴിമതി ആരോപണങ്ങള്‍ക്ക് ഇടയാക്കുകയോ അല്ലെങ്കില്‍  ഒരു അഴിമതിക്ക് കൂട്ടു  നില്‍ക്കാതെ  അഞ്ചുവര്‍ഷം  ഞാന്‍ പൂര്‍ത്തീകരിച്ചു.
പിന്നീട്  എനിക്ക് പാര്‍ട്ടിയിലെ ചില നേതാക്കളോടും ഉണ്ടായ അസ്വാരസ്യം മൂലം  ഞാന്‍ എല്ലാ പ്രവര്‍ത്തനത്തില്‍ നിന്നും  മാറി നിന്നതാണ് . കഴിഞ്ഞ അഞ്ചുവര്‍ഷം എന്നെ നിങ്ങള്‍ ഒരു പാര്‍ട്ടി പരിപാടിക്ക് പോലും കണ്ടിട്ട് ഉണ്ടാവാന്‍ ഇടയില്ല.  കഴിഞ്ഞ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍  മൈലപ്പുറം വാര്‍ഡില്‍ മാത്രം  കുറച്ചു വീടുകളില്‍ കയറി വോട്ട് അഭ്യര്‍ത്ഥിച്ചു.
അഞ്ചുവര്‍ഷത്തെ  ഭരണ സമയത്ത്  ഞാന്‍ ഒരു ഒരു പാര്‍ട്ടിയുടെ  ചെയര്‍മാനായി ഭരിച്ചിട്ടില്ല. എല്ലാ ജനങ്ങളെയും ഒരുപോലെ മാത്രമേ  കണ്ടിട്ടുള്ളൂ. 
അവിടെ എല്‍ഡിഎഫ് എന്നോ  യുഡിഎഫ് എന്നോ ഹിന്ദുവെന്നോ മുസ്ലിമെന്നോ  നോക്കിയല്ല  ഭരണം നടത്തിയത് . എന്നെ അറിയുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ്.
മുസ്ലിം ലീഗിന്റെ  പാര്‍ട്ടി അണികള്‍  എനിക്ക്  നല്ല സ്‌നേഹവും സപ്പോര്‍ട്ടും  പ്രോത്സാഹനവും  നല്‍കിയിരുന്നു , ഞാന്‍ അവരെ എന്നും എന്റെ ഹൃദയത്തില്‍  സ്ഥാനവും നല്‍കിയിരുന്നു.  എന്നെ പരിചയമുള്ള ആരും എന്നെ വെറുക്കില്ല എന്ന് എനിക്ക് ഉറപ്പാണ്.
മനുഷ്യരില്‍   നിലപാടുകളില്‍ ചിന്തകളില്‍  മാറ്റം വന്നേക്കാം  മനുഷ്യന്റെ ശരിയും തെറ്റും
മാറ്റം വന്നേക്കാം.
ചില നേതാക്കളില്‍  ആകൃഷ്ടരായെകാം.
എനിക്ക് രാജിവെക്കാന്‍  ഒരു സ്ഥാനവുമില്ല. കഴിഞ്ഞ അഞ്ചുവര്‍ഷം മുസ്ലിംലീഗിലെ മെമ്പര്‍ഷിപ്പും ഇല്ല. 
ഇന്ത്യന്‍ ഭരണഘടനയില്‍  അനുവദിച്ചു തന്നിട്ടുള്ള സ്വാതന്ത്ര്യം എല്ലാ മനുഷ്യര്‍ക്കും തുല്യമാണ്.
സഖാവ് പിണറായി വിജയന്‍ നേതൃത്വം  കൊടുത്ത ഈ
ഭരണം എന്നെ  ഇടതുപക്ഷത്തേക്ക് ആകര്‍ഷിച്ചു ഇത്രയും  വികസനവും, സാമൂഹ്യസുരക്ഷയും , ഉറപ്പാക്കിയ ഭരണം  കേരളത്തില്‍  ഇതുവരെ ഉണ്ടായിട്ടില്ല.
കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രകൃതിദുരന്തവും മഹാമാരിയും തരണം ചെയ്യാന്‍  ഒരു അച്ഛനെ പോലെ  അദ്ദേഹം  നമ്മുടെ കൂടെ നിന്ന്  നമ്മെ നയിച്ചു. ലാല്‍സലാം.
എനിക്ക് ആരോടും ഒരു പരാതിയോ വെറുപ്പോ  ദേഷ്യമോ ഒന്നുമില്ല. എന്നെ അറിയുന്നവര്‍ക്ക് അറിയാം, തിരിച്ച് ഒരു നല്ല സുഹൃത്തായി നില്‍ക്കാനേ എനിക്ക് കഴിഞ്ഞിട്ടുള്ളൂ , ഞാന്‍ മനുഷ്യരെ വേര്‍തിരിച്ച് കാണാറില്ല, ഞാന്‍ അത് പഠിച്ചിട്ടില്ല,  എന്നാല്‍ ചെയ്യാന്‍ കഴിയുന്നത് ചെയ്യുക , ഒരാളുടെ കണ്ണീരൊപ്പാന്‍ കഴിഞ്ഞാല്‍  അന്ന് സുഖമായി കിടന്നുറങ്ങാം എന്ന് വിശ്വസിക്കുന്ന ഒരു വ്യക്തിയാണ് ഞാന്‍ . എനിക്ക് നിങ്ങളോടൊക്കെ ഒന്നേ
പറയാനുള്ളൂ ഒരുപാട്  ഇഷ്ടമാണ് എനിക്ക് എല്ലാവരെയും????
love you all ??
എന്റെ പ്രവര്‍ത്തികൊണ്ട്  ആര്‍ക്കെങ്കിലും വല്ല ഉപദ്രവവും ഉണ്ടായിട്ടുണ്ടെങ്കില്‍  അത് തിരുത്തുവാന്‍ ഞാന്‍  സന്നദ്ധനാണ്.
എനിക്ക് ശത്രുക്കള്‍ ഇല്ല എന്നുതന്നെ പറയാം, എനിക്ക് മിത്രങ്ങളെ ഉള്ളൂ . എന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചവര്‍ എന്റെ അടുത്ത സുഹൃത്തുക്കളാണ്.
 ജീവിതത്തില്‍ ആവശ്യമായതെല്ലാം  സര്‍വ്വശക്തന്‍  എനിക്ക്  നല്‍കിയിട്ടുണ്ട്.
ഞാന്‍ കച്ചവടം എന്ന തൊഴില്‍  ചെയ്തു  ജീവിക്കുന്ന ഒരു വ്യക്തിയാണ്. രാഷ്ട്രീയം  ഒരു സേവന മാര്‍ഗ്ഗമായി ഞാന്‍ കാണുന്നത്  അല്ലാതെ  സമ്പാദിക്കാനുള്ള ഒരു തൊഴിലായി അല്ല.
ശിഷ്ടകാലം  ജനങ്ങളെസേവിച്ചു ജീവിക്കുവാന്‍  ഞാന്‍ ആഗ്രഹിക്കുന്നു അതിന് കിട്ടുന്ന ഒരു അവസരവും  ഇനി ഞാന്‍ പാഴാക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഒരു നല്ല ജനസേവകന്‍ ആയി ജീവിക്കുവാനാണ് ഞാന്‍  ആഗ്രഹിക്കുന്നത് , അതിന് സര്‍വ്വശക്തന്‍ എനിക്ക്  കഴിവും ബുദ്ധിയും വിവേകവും നല്‍കട്ടെ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു കൊള്ളുന്നു..
നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ത്ഥനയും സ്‌നേഹവും പിന്തുണയും  ഉണ്ടാകണമെന്ന് വിനീതമായി ഞാന്‍ അപേക്ഷിച്ചുകൊള്ളുന്നു

സ്‌നേഹപൂര്‍വ്വം 
KP മുഹമ്മദ് മുസ്തഫ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com