എം ബി രാജേഷ്, ദലീമ ജോജോ, പി ജയരാജന്‍ / ഫയല്‍
എം ബി രാജേഷ്, ദലീമ ജോജോ, പി ജയരാജന്‍ / ഫയല്‍

തൃത്താലയില്‍ എംബി രാജേഷ് ; പി ജയരാജന് സീറ്റില്ല ; അരൂര്‍ പിടിക്കാന്‍ ദലീമ

അരുവിക്കരയില്‍ ജില്ലാ കമ്മിറ്റി നല്‍കിയ വി കെ മധുവിന്റെ പേര് സംസ്ഥാന കമ്മിറ്റി വെട്ടി

തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ തൃത്താല മണ്ഡലത്തില്‍ എംബി രാജേഷ് സിപിഎം സ്ഥാനാര്‍ത്ഥിയാകും. എംബി രാജേഷിന്റെ സ്ഥാനാര്‍ത്ഥിത്വം പാര്‍ട്ടി സംസ്ഥാന സമിതി അംഗീകരിച്ചതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച മൂന്നു പേര്‍ക്ക് ഇളവ് നല്‍കാനാണ് സിപിഎം നേതൃയോഗം തീരുമാനിച്ചത്. 

സംസ്ഥാന സമിതി അംഗം എംബി രാജേഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ എന്‍ ബാലഗോപാല്‍, കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍ എന്നിവരെ മല്‍സരിപ്പിക്കാനാണ് ധാരണയത്. കൊട്ടാരക്കരയിലാകും കെ എന്‍ ബാലഗോപാല്‍ മല്‍സരിക്കുക. നിലവിലെ എംഎല്‍എ ഐഷ പോറ്റി മൂന്നു തവണ കൊട്ടാരക്കരയില്‍ നിന്നും വിജയിച്ചതാണ്. തൃത്താലയില്‍ കോണ്‍ഗ്രസിന്റെ യുവനേതാവ് വി ടി ബല്‍റാമിനെതിരെ ശക്തനായ സ്ഥാനാര്‍ത്ഥി വേണമെന്ന നിര്‍ദേശമാണ് എംബി രാജേഷിന് ഇളവ് നല്‍കാനുള്ള തീരുമാനത്തിന് പിന്നില്‍. 

അതേസമയം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന് സീറ്റില്ല. പി ജയരാജന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിന് വിട്ടിരുന്നു. അരുവിക്കരയില്‍ ജില്ലാ കമ്മിറ്റി നല്‍കിയ വി കെ മധുവിന്റെ പേര് സംസ്ഥാന കമ്മിറ്റി വെട്ടി. പകരം കാട്ടാക്കട ഏരിയാ സെക്രട്ടറി ജി സ്റ്റീഫന്‍ അരുവിക്കരയില്‍ സ്ഥാനാര്‍ത്ഥിയാകും. സാമുദായിക പരിഗണന കൂടി പരിഗണിച്ചാണ് സ്റ്റീഫന് നറുക്ക് വീണത്. 

മന്ത്രി എ കെ ബാലന്‍ മല്‍സരിച്ചിരുന്ന തരൂരില്‍ ഭാര്യ പി കെ ജമീല സ്ഥാനാര്‍ത്ഥിയാകും. ജമീല സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത അസംബന്ധമാണെന്നായിരുന്നു ബാലന്‍ നേരത്തെ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചിരുന്നത്. ഏറ്റുമാനൂര്‍ സീറ്റില്‍ വി എന്‍ വാസവന്‍ മല്‍സരിക്കും. രാജു എബ്രഹാം ഏറെക്കാലം എംഎല്‍എയായിരുന്ന റാന്നി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കാനും സിപിഎം തീരുമാനിച്ചു.

ആലപ്പുഴയില്‍ സിപിഎം പട്ടികയില്‍ പുതുമുഖങ്ങള്‍ ഇടംപിടിക്കും. അരൂരില്‍ ഗായിക ദലീമ ജോജോയെ സിപിഎം പരിഗണിക്കുന്നു. നിലവില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റാണ് ദലീമ. നിലവിലെ എംഎല്‍എ കോണ്‍ഗ്രസിന്റെ ഷാനിമോള്‍ ഉസ്മാനാകും യുഡിഎഫ് സ്ഥാനാര്‍ത്ഥി. തോമസ് ഐസക്കിന്റെ മണ്ഡലമായ ആലപ്പുഴയില്‍ പി പി ചിത്തരഞ്ജനെയും ജി സുധാകരന്റെ മണ്ഡലമായ അമ്പലപ്പുഴയില്‍ എച്ച് സലാമിനെയുമാണ് പരിഗണിക്കുന്നത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com