മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് ടോക്കൺ വേണ്ട, സ്വകാര്യ മേഖലയിലും വാക്സിനേഷൻ കേന്ദ്രങ്ങൾ; തിരക്കു ഒഴിവാക്കാൻ നടപടി

തിരുവനന്തപുരത്ത് കൂടുതൽ പേര്‍ കുത്തിവയ്പ്പെടുക്കാനെത്തിയ മെഡിക്കല്‍ കോളജ് ആശുപത്രി, ജനറല്‍ ആശുപത്രി, പാങ്ങപ്പാറ ഹെല്‍ത് സെന്‍റര്‍ എന്നിവിടങ്ങളില്‍ ഒരാഴ്ചത്തേക്ക് പുതിയ രജിസ്ട്രേഷൻ നല്‍കില്ല
വാക്സിൻ കുത്തിവെക്കുന്നു / ഫയൽ ചിത്രം
വാക്സിൻ കുത്തിവെക്കുന്നു / ഫയൽ ചിത്രം

തിരുവനന്തപുരം; കോവിഡ് വാക്സിൻ കേന്ദ്രത്തിലെ തിരക്ക് ഒഴിവാക്കാൻ നടപടികളുമായി ആരോ​ഗ്യവിഭാ​ഗം. കാലതാമസം ഒഴിവാക്കാനായി സ്വകാര്യ മേഖലയിൽ ഉൾപ്പെടെ കൂടുതല്‍ വാക്സിനേഷൻ കേന്ദ്രങ്ങൾ പ്രവര്‍ത്തനം തുടങ്ങി. കൂടാതെ അടുത്ത 15 ദിവസത്തേക്കുള്ള ബുക്കിങ് നടത്താനുള്ള സൗകര്യവും സജ്ജീകരിക്കും.  മുൻകൂട്ടി രജിസ്റ്റര്‍ ചെയ്ത് എത്തുന്നവര്‍ക്ക് ടോക്കണ്‍ സംവിധാനം ഒഴിവാക്കാനും തീരുമാനമായി. കഴിഞ്ഞ ദിവസം കോവിഡ് കേന്ദ്രങ്ങളിൽ വലിയ തിരക്ക് അനുഭവപ്പെട്ടതിനെ തുടർന്നാണ് നടപടി. 

60 വയസിന് മുകളിലുള്ളവരുടേയും 45 വയസിന് മുകളിലുള്ള മറ്റ് രോഗങ്ങളുള്ളവരും വാക്സിൻ സ്വീകരിക്കുന്നതിനുള്ള രണ്ടാം ഘട്ടത്തിന് കഴിഞ്ഞ ദിവസമാണ് തുടക്കമായത്. വാക്സിനേഷൻ കേന്ദ്രങ്ങളിൽ തിരക്കേറിയതോടെ പലര്‍ക്കും രജിസ്റ്റര്‍ ചെയ്ത സമയത്ത് കുത്തിവയ്പ്പെടുക്കാൻ കഴിയാതെ മടങ്ങേണ്ടി വന്നിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ നടപടി. 

തിരുവനന്തപുരത്ത് കൂടുതൽ പേര്‍ കുത്തിവയ്പ്പെടുക്കാനെത്തിയ മെഡിക്കല്‍ കോളജ് ആശുപത്രി, ജനറല്‍ ആശുപത്രി, പാങ്ങപ്പാറ ഹെല്‍ത് സെന്‍റര്‍ എന്നിവിടങ്ങളില്‍ ഒരാഴ്ചത്തേക്ക് പുതിയ രജിസ്ട്രേഷൻ നല്‍കില്ല. ഇവിടങ്ങളില്‍ പുതിയതായി രജിസ്ട്രേഷൻ കിട്ടിയവരുണ്ടെങ്കില്‍ അവര്‍ക്ക് മറ്റ് കേന്ദ്രങ്ങളിൽ കുത്തിവയ്പ്പ് നല്‍കും. നിലവില്‍ ടോക്കണ്‍ നല്‍കിയവര്‍ക്ക് ആദ്യഡോസ് നല്‍കി കഴിയുന്ന മുറയ്ക്ക് ആകും ഇവിടെ പുതിയ രജിസ്ട്രേഷൻ നടത്തുക. ഓരോ സ്ഥലങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി സ്വകാര്യ ആശുപത്രികള്‍ വരെ കൂടുതല്‍ വാക്സിനേഷൻ കേന്ദ്രങ്ങൾ ഘട്ടം ഘട്ടമായി സജ്ജമാക്കും. ഓരോ ദിവസത്തേയും പട്ടിക അച്ചടി സാമൂഹിക മാധ്യമങ്ങൾ വഴി പൊതുജനത്തെ അറിയിക്കും.

ജില്ലാ തലത്തിലുള്ള ആശുപത്രികളില്‍ പരമാവധി 300പേര്‍ക്കും ഉപജില്ല തലത്തിലെ ആശുപത്രികളില്‍ 200 പേര്‍ക്കും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും 100 പേര്‍ക്കും ഒരു ദിവസം വാക്സീൻ നല്‍കും. വാക്സിനേഷൻ കേന്ദ്രങ്ങളില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നിലവിലെ ടോക്കണ്‍ സംവിധാനം തുടരും. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com