80 ലക്ഷത്തിന്റെ ഭാ​ഗ്യം അതിഥി തൊഴിലാളിക്ക്; ഭാഗ്യദേവത കടാക്ഷിച്ചപ്പോൾ ഞെട്ടൽ; സഹായം തേടി പൊലീസ് സ്റ്റേഷനിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th March 2021 06:55 AM  |  

Last Updated: 05th March 2021 06:55 AM  |   A+A-   |  

Rs 80 lakh for guest worker

പ്രതീകാത്മക ചിത്രം


 

തിരുവനന്തപുരം: കേരള ലോട്ടറിയുടെ 80 ലക്ഷം രൂപ ഭാ​ഗ്യം അതിഥി തൊഴിലാളിക്ക്. പശ്ചിമ ബംഗാളിൽ നിന്നു തിരുവനന്തപുരത്ത് ജോലിക്ക് എത്തിയ അതിഥി തൊഴിലാളി പ്രതിഭ മണ്ഡലാണ് ഭാ​ഗ്യവാൻ. കാരുണ്യ പ്ലസ് ടിക്കറ്റിന്റെ ഇന്നലെ നറുക്കെടുത്ത നമ്പർ pc 359410 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.

ഭാഗ്യദേവത ലക്ഷങ്ങളുടെ സൗഭാഗ്യം നൽകിയപ്പോൾ ഞെട്ടിപ്പോയ ഇയാൾ പൊലീസ് സഹായം തേടി. സഹായം തേടിയെത്തിയ ആളിനെ പൊലീസും കൈവിട്ടില്ല. സുരക്ഷയൊരുക്കി മാതൃകയായി.

മരുതംകുഴിയിൽ നിർമാണ പ്രവർത്തനത്തിനായി എത്തിയ ആളാണ് ഇദ്ദേഹം. ലക്ഷപ്രഭുവായെന്നു അറിഞ്ഞതോടെ ടിക്കറ്റ് കൈയിൽ കൊണ്ടു നടക്കാൻ അദ്ദേഹത്തിന് പേടി. നേരെ പൂജപ്പുര പൊലീസ് സ്റ്റേഷനിലേക്ക് പോയി. കാര്യം അവതരിപ്പിച്ചു. പൊലീസ് ഒട്ടും മടിക്കാതെ ഇദ്ദേഹത്തിന് സഹായം വാഗ്ദാനം നൽകി. ബാങ്ക് അക്കൗണ്ടില്ലാത്ത പ്രതിഭാ മണ്ഡലിന് പൂജപ്പൂര കാനറ ബാങ്കിൽ അക്കൗണ്ട് എടുത്ത് നൽകാൻ സൗകര്യം ഒരുക്കി. 

ബാങ്ക് ഉദ്യോഗസ്ഥരെ പൊലീസ് വിവരം അറിയിച്ചു. അവർ സ്റ്റേഷനിൽ എത്തി ടിക്കറ്റ് സ്വീകരിച്ചു. ഹിന്ദി മാത്രം വശമുള്ള പ്രതിഭാ മണ്ഡലിന് മേൽവിലാസം അറിയില്ല. അതിനാൽ ഇന്ന്  ഉടമയുമായി എത്തി മേൽവിലാസം നൽകി അക്കൗണ്ട് തുറക്കാൻ നിർദേശം നൽകി.  ടിക്കറ്റ് പൊലീസിന്റെ സാന്നിധ്യത്തിൽ ലോക്കറിലേക്ക് മാറ്റി. ബാങ്കിലേക്ക് വരാനും തിരികെ മടങ്ങാനും പൊലീസ് വാഹനത്തിൽ തന്നെ സൗകര്യം ഒരുക്കി. ഇന്ന് ലോട്ടറി ഓഫീസിൽ ടിക്കറ്റ് മാറ്റി വാങ്ങാൻ പ്രതിഭ മണ്ഡൽ എത്തും.