തലങ്ങും വിലങ്ങും ഓടി കടിച്ചു കീറിയത് 16 പേരെ; ഒരു നാടിനെ ഒന്നാകെ മുൾമുനയിൽ നിർത്തി തെരുവു നായയുടെ ആക്രമണം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th March 2021 06:58 AM  |  

Last Updated: 06th March 2021 06:58 AM  |   A+A-   |  

stray dog attack

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: തെരുവു നായയുടെ ആക്രമണത്തിൽ 16 പേർക്ക് പരിക്ക്. അടിമലത്തുറ തീരത്താണ് തെരുവു നായയുടെ ആക്രമണമുണ്ടായത്. കടിയേറ്റവരിൽ പിഞ്ചു കുഞ്ഞും ഭിന്ന ശേഷിയുള്ള യുവാവും അസം സ്വദേശിയും ഉൾപ്പെടുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു പെട്ടെന്നു പാഞ്ഞെത്തിയ നായയുടെ ആക്രമണം. വീടിനുള്ളിലും പുറത്തും നിന്ന കുട്ടികളെയും മുതിർന്നവരെയും ഉൾപ്പെടെ തലങ്ങും വിലങ്ങും ഓടി നടന്നു നായ  കടിച്ചു. 

കടിയേറ്റവരിൽ  ആകാശ് എന്ന ബാലന്റെ ഇടതു കാലിലെ മാംസം ചിന്നിപ്പോയി. രണ്ട് വയസുകാരൻ ക്രിസ്പിൻദാസിനും കാലിലാണ് കടിയേറ്റത്. പുഷ്പ, പെറ്റിഷ്യ, പ്രവീൺ, സ്നേഹ, ഫ്രാൻസിസ്, സൗമ്യ, ലത, കെവിൻ, ജോവാൻജിരീസ്, വിൽസൺ, സഫിയ സന്തോഷ്, ബിൻസിയർ, ഭിന്ന ശേഷിയുള്ള ശിലുവയ്യൻ, അസം സ്വദേശി കൊച്ചു എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. കടിയേറ്റവരെ ആദ്യം പുല്ലുവിള സാമൂഹികാരോഗ്യ കേന്ദ്രത്തിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു.

വളർത്തു നായക്കും തെരുവു നായയുടെ കടിയേറ്റു. ഏതാനും വർഷം മുൻപ് പുല്ലുവിളയിൽ തെരുവു നായ്ക്കൾ വയോധികയെ കടിച്ചു കൊന്നിരുന്നു. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന അടിമലത്തുറ, അമ്പലത്തിൻമൂല തീരത്ത് തെരുവ് നായ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

വന്ധ്യംകരണത്തിനു ശേഷം നായ്ക്കളെ ഇവിടെ തന്നെ തിരികെ കൊണ്ടു വിടാറുണ്ടെന്നും നാട്ടുകാർ പറയുന്നു. പ്രദേശത്തെ മാലിന്യ പ്രശ്‌നം ആണ് തെരുവ് നായ്ക്കൾ പെരുകാനുള്ള കാരണം. പഞ്ചായത്തിൽ പരാതിപ്പെട്ടെങ്കിലും നടപടിയുണ്ടായില്ലെന്നു നാട്ടുകാർ പരാതിപ്പെട്ടു.