ഗോപിനാഥ് ജനപിന്തുണയുള്ള നേതാവ്; പരിഹാരം രണ്ടു ദിവസത്തിനകം; അനുനയവുമായി സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th March 2021 01:55 PM  |  

Last Updated: 06th March 2021 01:55 PM  |   A+A-   |  

gopinath sudhakaran

ഗോപിനാഥ് സുധാകരനൊപ്പം/ടെലിവിഷന്‍ ചിത്രം

 

പാലക്കാട്: പാലക്കാട്ട് മുന്‍ ഡിസിസി പ്രസിഡന്റ് എവി ഗോപിനാഥ് ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ക്കു രണ്ടു ദിവസത്തിനകം പരിഹാരമാവുമെന്ന് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. പ്രശ്‌നങ്ങള്‍ കെപിസിസി നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്ന്, ഗോപിനാഥുമായുള്ള ചര്‍ച്ചയ്ക്കു ശേഷം സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ രണ്ടു തരം നേതാക്കളുണ്ടെന്ന്, ഗോപിനാഥിനൊപ്പം മാധ്യമങ്ങളെ കണ്ട സുധാകരന്‍ പറഞ്ഞു. ജനപിന്തുണ ഉള്ളവരും ഇല്ലാത്തവരും. ജനപിന്തുണയുള്ള നേതാവാണ് ഗോപിനാഥ്. പാലക്കാട്ടെ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവാണ് അദ്ദേഹം. ഗോപിനാഥിനു പറയാനുള്ളതെല്ലാം താന്‍ കേട്ടു. ഇക്കാര്യങ്ങള്‍ കെപിസിസി പ്രസിഡന്റിനെയും മറ്റു മുതിര്‍ന്ന നേതാക്കളെയും ഫോണില്‍ അറിയിച്ചിട്ടുണ്ട്. നാളെ അവര്‍ ഗോപിനാഥുമായി സംസാരിക്കും. അതോടെ പ്രശ്‌നങ്ങള്‍ക്കു പരിഹാരമാവും. കോണ്‍ഗ്രസ് ഒറ്റക്കെട്ടായി ഈ തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് സുധാകരന്‍ പറഞ്ഞു. 

സ്ഥാനാര്‍ഥി പട്ടിക ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കോണ്‍ഗ്രസില്‍ സൂക്ഷ്മമായ പരിശോധനകള്‍ ഉണ്ടാവും. എന്തെങ്കിലും പിഴവെന്നു കണ്ടാല്‍ താന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെടുമെന്ന സുധാകരന്‍ പറഞ്ഞു.

തനിക്കു പറയാനുള്ളതെല്ലാം സുധാകരനെ ബോധ്യപ്പെടുത്തിയെന്നും അദ്ദേഹത്തിന്റെ ഇടപെടലില്‍ പ്രതീക്ഷയുണ്ടെന്നും ഗോപിനാഥ് പറഞ്ഞു. കോണ്‍ഗ്രസ് വലിയ പാര്‍ട്ടിയാണ്. തീരുമാനമെടുക്കും മുമ്പ് ചര്‍ച്ചകള്‍ നടക്കേണ്ടതുണ്ട്. അതുകൊണ്ട് രണ്ടു ദിവസം കൂടി കാക്കും. പ്രശ്‌നങ്ങള്‍ തീര്‍ന്നിട്ടില്ല, എന്നാല്‍ കാത്തിരിക്കുമെന്ന് ഗോപിനാഥ് പറഞ്ഞു.