പി ജെ ആര്‍മിയുമായി ബന്ധമില്ല ; പ്രചാരണത്തിനെതിരെ നടപടിയെന്ന് പി ജയരാജന്‍

ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലക്ക് ഏത് ചുമതല നല്‍കണം എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുക
പി ജയരാജന്‍ /ഫയല്‍ ചിത്രം
പി ജയരാജന്‍ /ഫയല്‍ ചിത്രം

കണ്ണൂര്‍ : നിയമസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാത്തതുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങളെ തള്ളി സിപിഎം നേതാവ് പി ജയരാജന്‍. നിശ്ചിത മാനദണ്ഡപ്രകാരം സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതിനുള്ള സംഘടനാപരമായ നടപടിക്രമങ്ങള്‍  പാര്‍ട്ടി സ്വീകരിച്ചുവരികയാണ്. സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും സ്ഥാനാര്‍ഥിത്വവുമായി തന്റെ  പേരിനെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പ്രചരണങ്ങളില്‍ നിന്നും പാര്‍ട്ടി ബന്ധുക്കള്‍  വിട്ട് നില്‍ക്കണമെന്ന് പി ജയരാജന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു. 

ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ എന്ന നിലക്ക് ഏത് ചുമതല നല്‍കണം എന്നത് പാര്‍ട്ടിയാണ് തീരുമാനിക്കുക. എല്‍ഡിഎഫിന്റെ തുടര്‍ ഭരണം ഉറപ്പുവരുത്തേണ്ട സന്ദര്‍ഭത്തില്‍  അനാവശ്യ  വിവാദങ്ങളിലേക്ക് വലിച്ചിഴക്കുന്നത് പാര്‍ട്ടി ശത്രുക്കള്‍ക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളു. പിജെ ആര്‍മി  എന്ന പേരില്‍ നവമാധ്യമങ്ങളില്‍ നടക്കുന്ന പ്രചരണങ്ങള്‍ക്ക് തനിക്ക് യാതൊരു ബന്ധവുമില്ല. തന്റെ  അറിവോ സമ്മതമോ ഇല്ലാതെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാര്‍ട്ടിക്ക്  നിരക്കാത്ത പ്രചരണം നടത്തുന്നവര്‍ക്കെതിരെ  നിയമനടപടി സ്വീകരിക്കേണ്ടി വരുമെന്ന് ജയരാജന്‍ വ്യക്തമാക്കി. 

ജയരാജന് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് എന്‍ ധീരജ് കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവെച്ചിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം പി ജയരാജനെ തഴഞ്ഞതില്‍ രൂക്ഷ പ്രതികരണം വന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജനെതിരെ വരെ ശക്തമായ പ്രതിഷേധമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. വിഎസിനെപ്പോലെ പി ജയരാജനെയും പിണറായിയും കൂട്ടരും തഴയുകയാണെന്ന് ചിലര്‍ കമന്റുകളില്‍ സൂചിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com