എറണാകുളത്ത് വീണ്ടും ഷിഗെല്ല; രണ്ടു കുട്ടികള്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു, ജാഗ്രതാനിര്‍ദേശം
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th March 2021 05:34 PM |
Last Updated: 06th March 2021 05:34 PM | A+A A- |
പ്രതീകാത്മക ചിത്രം
കൊച്ചി: ഇടവേളയ്ക്ക് ശേഷം ജില്ലയില്‍ വീണ്ടും ഷിഗെല്ല കേസ് സ്ഥിരീകരിച്ചു. കാലടി പഞ്ചായത്തില്‍ ഒരു വീട്ടിലെ നാലും ആറും വയസുള്ള കുട്ടികള്‍ക്കാണ് രോഗം പിടിപെട്ടത്. കോവിഡ് ബാധയെത്തുടര്‍ന്ന് ആശുപത്രി ചികിത്സയിലിരിക്കെ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്.
ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണ്. പ്രദേശത്ത് ആരോഗ്യ വകുപ്പും, പഞ്ചായത്തും സംയുക്തമായി പ്രതിരോധ നടപടികള്‍ സ്വീകരിച്ചു വരുന്നു. കുടിവെള്ളത്തില്‍ നിന്നും രോഗബാധ സംശയിക്കുന്നതിനാല്‍ പ്രദേശത്തെ കിണറുകളിലെ വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. നിലവില്‍ പ്രദേശത്തെ ആര്‍ക്കും തന്നെ സമാന രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രോഗ പ്രതിരോധത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ ശുചിത്വ ശീലങ്ങള്‍ പാലിക്കുന്നതില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
വയറിളക്കം, പനി, വയറുവേദന, ചര്‍ദ്ദി, ക്ഷീണം, രക്തവും കഫവും കലര്‍ന്ന മലം എന്നിവയാണ് ഷിഗെല്ലയുടെ രോഗലക്ഷണങ്ങള്‍. പ്രധാനമായും രോഗാണുക്കളാല്‍ മലിനമായ കുടിവെള്ളത്തിലൂടെയും പഴകിയതും കേടായതുമായ ഭക്ഷണത്തിലൂടെയും വൃത്തിഹീനമായ സാഹചര്യത്തില്‍ തയ്യാറാക്കുന്ന ആഹാരം കഴിക്കുന്നതിലൂടെയുമാണ് രോഗം പകരുന്നത്.രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കാമെന്നും മുന്നറിയിപ്പില്‍ പറയുന്നു.
പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
* തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക
* ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
* വ്യക്തിശുചിത്വം പാലിക്കുക.
* തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.
* രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകംചെയ്യാതിരിക്കുക.
* പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.
* ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക.
* വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.
* കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.
* വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക.
*രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക.
* പഴങ്ങളും പച്ചക്കറികളും കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.
* രോഗ ലക്ഷണമുള്ളവര്‍ ഒ.ആര്‍.എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന് വെള്ളം എന്നിവ കഴിക്കുക. സ്വയം ചികിത്സ ഒഴിവാക്കി ആരോഗ്യ കേന്ദ്രത്തില്‍ സമീപിക്കുക
* കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ് ചെയ്യുക
* വൃത്തിഹീനമായ സാഹചര്യങ്ങളില്‍ നിന്നും മറ്റും ശീതളപാനീയങ്ങള്‍ കുടിക്കാതിരിക്കുക.