45 ലക്ഷത്തിന്റെ വാച്ച് പരിശോധനക്കായി ഊരി വാങ്ങി, തിരിച്ചു നൽകിയത് കഷ്ണങ്ങളാക്കി; കസ്റ്റംസിനെതിരെ പരാതി
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th March 2021 09:23 AM |
Last Updated: 06th March 2021 09:23 AM | A+A A- |
പരിശോധനയ്ക്ക് കൊണ്ടുപോകുന്നതിന് മുൻപ് വാച്ച്, കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം/ ഫേയ്സ്ബുക്ക് വിഡിയോ ദൃശ്യം
കോഴിക്കോട്; യാത്രക്കാരന്റെ ആഡംബര വാച്ച് പരിശോധനയ്ക്കിടെ നശിപ്പിച്ചെന്ന് ആരോപിച്ച് കസ്റ്റംസിനെതിരെ പരാതി. 45 ലക്ഷം രൂപ വിലമതിക്കുന്ന വാച്ചാണ് കഷ്ണങ്ങളാക്കി യാത്രക്കാരന് തിരിച്ചു നൽകിയത്. മൂന്നാം തിയതി ദുബായിൽ നിന്ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ കാസർകോട് സ്വദേശി മുഹമ്മദ് ഇസ്മായിലിന്റെ വാച്ചാണ് നശിപ്പിച്ചത്. സംഭവത്തിൽ കരിപ്പൂർ പൊലീസിലാണ് പരാതി നൽകിയത്.
സ്വർണമുണ്ടെന്നു സംശയിച്ചു കസ്റ്റംസ് പരിശോധിച്ച, വിലപിടിപ്പുള്ള വാച്ച് യാത്രക്കാരനു തിരിച്ചു നൽകിയത് വിവിധ ഭാഗങ്ങളാക്കി ഉപയോഗിക്കാനാകാത്ത സ്ഥിതിയിലാണെന്നാണ് പരാതി. ടെക്നിഷ്യന്റെ സഹായത്തോടെ തുറന്നു പരിശോധിക്കേണ്ടതിനു പകരം വാച്ച് കേടാക്കി എന്നാണ് ആക്ഷേപം.കോടതി നിർദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കാമെന്നു പൊലീസ് അറിയിച്ചിരുന്നു. തുടർന്ന് ഇന്നലെ അഭിഭാഷകനുമായി എത്തിയ മുഹമ്മദ് ഇസ്മായിൽ എയർപോർട്ട് ഡയറക്ടർക്കും കസ്റ്റംസ് അധികൃതർക്കും കൂടി പരാതി നൽകി.
മുഹമ്മദ് ഇസ്മായിലിന്റെ ദുബായിലുള്ള സഹോദരൻ 2017ൽ ദുബായിലെ ഷോറൂമിൽനിന്ന് 2,26,000 ദിർഹം (ഇന്ത്യൻ രൂപ 45 ലക്ഷത്തിലധികം) നൽകി വാങ്ങിയതാണ് വാച്ച്. അടുത്തിടെ ഇസ്മായിലിന് വാച്ച് നൽകിയത്. സംഭവത്തിൽ പൊലീസ് കേസെടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും ഇസ്മായിലിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
https://www.facebook.com/KMBasheerMDF/videos/570258807265038/
Posted by K.M. Basheer on Thursday, March 4, 2021