തരൂരിൽ പികെ ജമീല സ്ഥാനാർഥിയാകില്ല; പിപി സുമോദിന്റെ പേര് നിർദ്ദേശിച്ച് ജില്ലാ കമ്മിറ്റി
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th March 2021 07:54 PM |
Last Updated: 07th March 2021 08:07 PM | A+A A- |
പികെ ജമീല
പാലക്കാട്: തരൂർ മണ്ഡലത്തിൽ മന്ത്രി എകെ ബാലന്റെ ഭാര്യ ഡോക്ടർ പികെ ജമീല സ്ഥാനാർഥിയാകില്ല. സിപിഎം പാലക്കാട് ജില്ലാ നേതൃ യോഗമാണ് തീരുമാനമെടുത്തത്. ഡിവൈഎഫ്ഐ നേതാവ് പിപി സുമോദിനെ തരൂരിൽ സ്ഥാനാർഥിയാക്കണമെന്നാണ് നിർദേശം.
ജമീലയെ തരൂരിൽ സ്ഥാനാർഥിയാക്കാമെന്ന സിപിഎം സംസ്ഥാനകമ്മിറ്റിയുടെ നിർദേശമാണ് ജില്ലാ സെക്രട്ടേറിയറ്റും ജില്ലാ കമ്മിറ്റിയും തളളിയത്. ജമീലയെ മത്സരിപ്പിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്നും മറ്റു മണ്ഡലങ്ങളിലെ വിജയ സാധ്യതയെപ്പോലും ബാധിക്കുമെന്നും വിലയിരുത്തി.
ജമീലയുടെ സ്ഥാനാർഥിത്വത്തിനെതിരെ വിമർശനവും പോസ്റ്റർ പ്രതിഷേധങ്ങളുമുയർന്നിരുന്നു. സാമൂഹിക മാധ്യമങ്ങളിലെയും പ്രവർത്തകരുടെയും വിമർശനങ്ങളും പോസ്റ്റർ പ്രതിഷേധങ്ങളും ചർച്ചയായി.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് പിപി സുമോദിനെ തരൂരിൽ സ്ഥാനാർഥിയാക്കണമെന്നാണ് ജില്ലാ നേതൃ യോഗങ്ങളിലെ നിർദേശം. തനിക്കെതിരെ പോസ്റ്റർ പതിച്ചവർ നിരാശരാകേണ്ടിവരുമെന്ന് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം എകെ ബാലൻ പറഞ്ഞു. സേവ് കമ്യൂണിസത്തിന്റെ പേരിൽ പാലക്കാട് നഗരത്തിലും തരൂർ മണ്ഡലത്തിലുമായിരുന്നു എകെ ബാലനെതിരെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.