'ഉറപ്പാണ്'; പാലാരിവട്ടം മേൽപ്പാലം ഇന്ന് തുറക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th March 2021 07:34 AM |
Last Updated: 07th March 2021 07:34 AM | A+A A- |
പാലാരിവട്ടം മേല്‍പ്പാലം
കൊച്ചി: പുതുക്കിപ്പണിത പാലാരിവട്ടം മേൽപ്പാലം ഇന്ന് ജനങ്ങൾക്ക് തുറന്നുകൊടുക്കും. പാലാരിവട്ടം പാലത്തിലൂടെ രണ്ടരവർഷമായി നിലച്ച ഗതാഗതം ഇതോടെ ഞായറാഴ്‌ച വൈകിട്ട് നാലിന് പുനരാരംഭിക്കും. പുനർനിർമാണം മെയ് മാസം പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും രണ്ടുമാസംമുമ്പേ പൂർത്തിയാക്കിയാണ് ജനങ്ങൾക്ക് കൈമാറുന്നത്. നൂറുവർഷത്തെ ഈട് ഉറപ്പുനൽകി പുനർനിർമാണം നടത്തിയ മേൽപ്പാലം വൈകിട്ട് നാലിന് പൊതുമരാമത്തുവകുപ്പ് ദേശീയപാത വിഭാഗം ചീഫ് എൻജിനിയറാണ് ഗതാഗതത്തിന് തുറന്നുകൊടുക്കുക.
പൂർത്തിയായ പാലം മന്ത്രി ജി സുധാകരനും ഉദ്യോഗസ്ഥരും ഞായറാഴ്‌ച സന്ദർശിക്കും.
ഉദ്ഘാടനച്ചടങ്ങുകൾ ഉണ്ടാകില്ല.ഭാരപരിശോധന അടക്കമുള്ള ജോലികൾ ബുധനാഴ്‌ച പൂർത്തിയായി. ഗതാഗതത്തിന് അനുയോജ്യമാണെന്ന സർട്ടിഫിക്കറ്റ് വ്യാഴാഴ്‌ച ഡിഎംആർസിയിൽനിന്ന് പൊതുമരാമത്തുവകുപ്പിന് ലഭിച്ചു.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 39 കോടി രൂപയ്‌ക്കാണ് മേൽപ്പാലം നിർമാണത്തിന് കരാർ നൽകിയത്. ആർഡിഎസ് പ്രോജക്ടായിരുന്നു കരാറുകാർ. 2014 സെപ്‌തംബറിൽ പണി തുടങ്ങി. 2016 ഒക്‌ടോബർ ഒന്നിന് ഉദ്‌ഘാടനം ചെയ്‌തു. പക്ഷേ, 2017 ജൂലൈയിൽ പാലം പൊട്ടിപ്പൊളിഞ്ഞ് സഞ്ചാരയോഗ്യമല്ലാതായി. വിവിധ പരിശോധനകളുടെ തുടർച്ചയായി ഗുരുതര ബലക്ഷയമെന്ന് മദ്രാസ് ഐഐടിയുടെ പഠനറിപ്പോർട്ട് ലഭിച്ചു. ഇതോടെ 2019 മെയ് ഒന്നിന് പാലം അടച്ചു.. പാലം പൊളിച്ചുപണിയാൻ സുപ്രീംകോടതി അനുവദിച്ചതോടെയാണ് സർക്കാർ ഡിഎംആർസിയെ നിർമാണച്ചുമതല ഏൽപ്പിച്ചത്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു കരാർ.