'വര്‍ഗീയതയുടെ മനുഷ്യരൂപം'; ആരെയെങ്കിലും തട്ടിക്കൊണ്ടുപോയതിന് ഞാന്‍ ജയിലില്‍ കിടന്നിട്ടില്ല; അമിത് ഷായ്‌ക്കെതിരെ തുറന്നടിച്ച് പിണറായി
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th March 2021 07:33 PM |
Last Updated: 08th March 2021 07:50 PM | A+A A- |
കണ്ണൂരിലെ പിണറായിയില്‍ എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് യോഗത്തില്‍ മുഖ്യമന്ത്രി സംസാരിക്കുന്നു
കണ്ണൂര്‍: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നാടിനെ അപമാനിക്കുന്ന പ്രചാരണമാണ് അമിത് ഷാ നടത്തിയത്. മുസ്ലിം എന്ന വാക്കുച്ഛരിക്കേണ്ടി വരുമ്പോള്‍ അദ്ദേഹത്തിന്റെ സ്വരം കടുക്കുകയാണ്. ഇതാണല്ലോ രീതി. വര്‍ഗീയതയുടെ ആള്‍രൂപമാണ് ഷാ എന്ന് രാജ്യത്താകെ അറിയുന്നതാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ട് കണ്ണൂര്‍ പിണറായയിലെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
ഹിന്ദു- മുസ്ലിം മൈത്രിയെ കുറിച്ച് ചോദിച്ചപ്പോള്‍ താങ്കളുടെ വീട് ഹിന്ദുക്കളുടെ ഭാഗത്താണോ മുസ്ലീമിന്റെ ഭാഗത്താണോ എന്നാണ് ഷാ ചോദിച്ചത്. ഒരു പൊതു സിദ്ധാന്തവും അദ്ദേഹം അവതരിപ്പിച്ചു. ഹിന്ദുക്കളുടെ പ്രദേശത്താണേല്‍ നിങ്ങള്‍ ഭയപ്പെടേണ്ട, ഒരാക്രമണവും നടക്കില്ല എന്ന് പറഞ്ഞു.എങ്ങനെ വര്‍ഗീയത വളര്‍ത്താമെന്നും അതിന് വേണ്ടി എന്തും ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുന്ന ആളുമാണ് ഷാ എന്നും മുഖ്യമന്ത്രി പറഞ്ഞു.
വര്‍ഗീയതയുടെ ഒരു മനുഷ്യ രൂപം സങ്കല്‍പ്പിച്ചാല്‍ അതാണ് നേരത്തെയുള്ള അമിത് ഷാ. പുതിയ സ്ഥാനത്തെത്തിയെങ്കിലും വലിയ മാറ്റമുണ്ടായില്ല എന്നാണ് കഴിഞ്ഞ ദിവസത്തെ അദ്ദേഹത്തിന്റെ ഇടപെടല്‍ കാണിക്കുന്നത്. മതപരമായി ഭിന്നിപ്പിക്കുക എന്നതാണ് വര്‍ഗീയതയുടെ പ്രത്യേകത. അതിന് നേരത്തെ ആര്‍എസ്എസ് അംഗീകരിച്ച തത്വശാസ്ത്രമുണ്ട്.
അങ്ങനത്തെ പാര്‍ട്ടിയുടെ വലിയ നേതാവാണ് ഇവിടെ വന്ന് ഉറഞ്ഞുതുള്ളിയത്. എന്നോട് ചില ചോദ്യവും ചോദിച്ചു. ഞാനേതെങ്കിലും തട്ടിക്കൊണ്ടുപോകലിന്റെ ഭാഗമായിട്ട് ജയിലില്‍ കിടക്കേണ്ടി വന്നിട്ടില്ല എന്നാണ് ഇതിന് മറുപടി പറയാനുള്ളത്.ഏതോ ഒരു സംശയാസ്പദമായ മരണത്തെ കുറിച്ച് അദ്ദേഹം പറയുന്നു. ഏതാണെന്ന് പറയട്ടെ, എന്താണെന്ന് അന്വേഷിക്കാന്‍ തയ്യാറാകും. പുകമറ സൃഷ്ടിക്കരുത്.
ദുരൂഹ മരണത്തെക്കുറിച്ച് പറയുമ്പോള്‍ സൊറാബുദ്ദീന്‍ ഷെയ്ക്ക്, കൗസര്‍ ബീ, തുള്‍സീറാം പ്രജാപതി എന്നിങ്ങനെയുള്ളവരെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ അന്നത്തെ കേസില്‍ ചാര്‍ജ് ചെയ്യപ്പെട്ടയാളുടെ പേര് അമിത് ഷാ എന്നായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ വന്ന് നീതിബോധം പഠിപ്പിക്കണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി