മലപ്പുറത്ത് അബ്ദുല്ലക്കുട്ടി ബിജെപി സ്ഥാനാര്‍ഥിയാവും; സ്ഥിരീകരിച്ച് നേതാക്കള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th March 2021 10:50 AM |
Last Updated: 08th March 2021 10:50 AM | A+A A- |
എപി അബ്ദുല്ലക്കുട്ടി/ഫയല്‍
മലപ്പുറം: മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എപി അബ്ദുല്ലക്കുട്ടി ബിജെപി സ്ഥാനാര്‍ഥിയാവും. ദേശീയ വൈസ് പ്രസിഡന്റ് ആയ അബ്ദുല്ലക്കുട്ടിയെ മത്സരിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വത്തില്‍ ധാരണയായി. നിയമസഭാ തെരഞ്ഞെടുപ്പു സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനൊപ്പം അബ്ദുല്ലക്കുട്ടിയുടെ സ്ഥാനാര്‍ഥിത്വവും പ്രഖ്യാപിക്കും.
അബ്ദുല്ലക്കുട്ടിയെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ മലപ്പുറത്ത് ശക്തമായ മത്സരം കാഴ്ചവയ്ക്കാനാവുമെന്ന പ്രതീക്ഷയാണ് ബിജെപിക്കുള്ളത്. കഴിഞ്ഞ തവണ 57.01 ശതമാനം വോട്ടുനേടിയാണ് മുസ്ലിം ലീഗിലെ പികെ കുഞ്ഞാലിക്കുട്ടി മണ്ഡലത്തില്‍ ജയിച്ചുകയറിയത്. പ്രധാന എതിരാളിയായ സിപിഎമ്മിലെ വിപി സാനുവിന് 31.87 ശതമാനം വോട്ടു മാത്രമാണ് നേടാനായത്. അബ്ദുല്ലക്കുട്ടിയെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ മുസ്ലിം ലീഗും ബിജെപിയും തമ്മില്‍ നേരിട്ടുള്ള മത്സരം എന്ന പ്രതീതിയുണ്ടാക്കാനാവുമെന്ന് ബിജെപി കണക്കുകൂട്ടുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ഥി പട്ടികയിലും അബ്ദുല്ലക്കുട്ടിയുടെ പേരു പരിഗണനയില്‍ വന്നെങ്കിലും മലപ്പുറത്ത് മത്സരിപ്പിക്കുന്നതാവും കൂടുതല്‍ ഗുണം ചെയ്യുകയെന്ന വിലയിരുത്തലിലാണ് ബിജെപി. അബ്ദുല്ലക്കുട്ടി നേരത്തെ ഇടതു മുന്നണിയെയും പിന്നീട് യുഡിഎഫിനൈയും പ്രതിനിധീകരിച്ച് എംപിയും എംഎല്‍എയും ആയിരുന്നു. ഇരു മുന്നണികളുടെയും പ്രവര്‍ത്തന രീതിയെക്കുറിച്ച് നല്ല ബോധ്യമുള്ളയാളാണ് അദ്ദേഹമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. ഇരു മുന്നണികളിലും പെട്ട അസംതൃപ്ത വിഭാഗങ്ങളെ ആകര്‍ഷിക്കാന്‍ അബ്ദുല്ലക്കുട്ടിക്കാവുമെന്നാണ് ബിജെപി പ്രതീക്ഷിക്കുന്നത്.