മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ കേസന്വേഷണങ്ങള്‍ നിര്‍ത്തിവെക്കാനാവില്ല ; ഇഡിക്കെതിരെ പിണറായിയുടെ പരാതി പരിശോധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th March 2021 09:22 AM |
Last Updated: 08th March 2021 09:22 AM | A+A A- |
സുനില്‍ അറോറ / ഫയല്‍ ചിത്രം
ന്യൂഡല്‍ഹി : മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ പേരില്‍ കേസന്വേഷണങ്ങള്‍ നിര്‍ത്തിവെക്കാനോ മരവിപ്പിക്കാനോ നിര്‍ദേശിക്കാനാവില്ലെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. കിഫ്ബി വിഷയത്തില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തുന്ന അന്വേഷണം പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ പരാതി സംബന്ധിച്ച് ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തിലാണ് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ ഇക്കാര്യം വ്യക്തമാക്കിയത്.
മുഖ്യമന്ത്രിയുടെ പരാതി പരിശോധിക്കും. വിഷയം കമ്മീഷന്‍ ചര്‍ച്ച ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ ആവശ്യമുണ്ടെങ്കില്‍ തേടും. കേരളത്തിലെ ചില കേസുകളില്‍ 2020 മാര്‍ച്ച് മുതല്‍ അന്വേഷണം നടക്കുന്നുണ്ട്. കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുന്നത് ഇപ്പോഴാണെന്ന് മാത്രമെന്നും സുനില്‍ അറോറ പറഞ്ഞു. കലാപം, ബലാല്‍സംഗം, കൊലപാതകം തുടങ്ങിയ കുറ്റകൃത്യങ്ങള്‍ നടക്കുമ്പോള്‍ മാതൃകാപെരുമാറ്റ ചട്ടം നിലവിലുണ്ട്. എന്നുവെച്ച് അന്വേഷണം പാടില്ല എന്നു പറയാന്‍ കഴിയുമോ എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ചോദിച്ചു.
കേരള മുഖ്യമന്ത്രിയുടെ പരാതിയില്‍ പറയുന്ന അന്വേഷണങ്ങള്‍ ഈ ഗണത്തില്‍പ്പെടുന്നതാണോ എന്ന ചോദ്യത്തിന്, അന്വേഷണത്തിന്റെ നിലവാരം നിശ്ചയിക്കാന്‍ താന്‍ യോഗ്യനല്ലെന്നും, അത് കോടതിയാണ് നിശ്ചയിക്കേണ്ടതെന്നും അറോറ പറഞ്ഞു. മുഖ്യമന്ത്രി അയച്ച പരാതി രണ്ടു ദിവസം മുമ്പ് രാത്രി എട്ടരയോടെയാണ് കമ്മീഷന് ലഭിച്ചത്. അതിനു മുമ്പു തന്നെ കത്തിലെ ഉള്ളടക്കം ദൃശ്യമാധ്യമങ്ങളില്‍ വന്നു എന്നാണ് മനസ്സിലാക്കുന്നത്.
അടുത്ത ദിവസം രാവിലെ ഡല്‍ഹിയില്‍ പുറത്തിറങ്ങിയ പത്രത്തിലും ഇത് പ്രസിദ്ധീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി അയക്കേണ്ട രീതി ഇതാണോ എന്ന് അവര്‍ തന്നെ തീരുമാനിക്കട്ടെ എന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. കിഫ്ബിക്കെതിരെ ഇഡി പെരുമാറ്റച്ചട്ട ലംഘമാണ് നടത്തുന്നതെന്ന് കാണിച്ചാണ് പിണറായി വിജയന്‍ കത്തയച്ചത്. കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ രാഷ്ട്രീയ താത്പര്യ പ്രകാരമാണ് ഇഡി പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു.
അന്വേഷണ ഏജന്‍സികള്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിക്കുകയാണ്. കിഫ്ബിയിലെ ഉദ്യോഗസ്ഥരെ മാനസികമായി പീഡിപ്പിക്കാന്‍ ഇ ഡി നിരന്തരം ശ്രമിക്കുകയാണ്. രാഷ്ട്രീയനേട്ടത്തിനായി ഇഡിയെ ഉപയോഗിക്കുന്നതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്നും പിണറായി വിജയന്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ബിജെപിയുടെ വിജയയാത്രയില്‍ പങ്കെടുത്ത് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ കൊച്ചിയില്‍ കിഫ്ബിക്കെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഫെബ്രുവരി 28 ന് നിര്‍മല സീതാരാമന്‍ കിഫ്ബിക്കെതിരെ നടത്തിയ പ്രസ്താവന അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയമായി ഉപയോഗിക്കുന്നതിന്റെ തെളിവാണെന്നും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.