മുല്ലപ്പള്ളി കണ്ണൂരില്‍ സ്ഥാനാര്‍ത്ഥി ?; കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് പദവിയിലേക്ക്

കെ സി ജോസഫിനെ വീണ്ടും സ്ഥാനാര്‍ത്ഥി ആക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തയച്ചു
മുല്ലപ്പള്ളി പി സി വിഷ്ണുനാഥിനൊപ്പം / ഫയല്‍ ചിത്രം
മുല്ലപ്പള്ളി പി സി വിഷ്ണുനാഥിനൊപ്പം / ഫയല്‍ ചിത്രം

തിരുവനന്തപുരം : കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍  മല്‍സരിച്ചേക്കും. കണ്ണൂരില്‍ നിന്നും മുല്ലപ്പള്ളി ജനവിധി തേടുമെന്നാണ് സൂചന. മുല്ലപ്പള്ളിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ നാളെ തീരുമാനം ഉണ്ടായേക്കും. സ്ഥാനാര്‍ത്ഥി ആയാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ പദവി ഒഴിഞ്ഞേക്കും. പകരം കെ സുധാകരന്‍ കെപിസിസി അധ്യക്ഷനാകുമെന്നാണ് ഹൈക്കമാന്‍ഡ് വ്യത്തങ്ങള്‍ നല്‍കുന്ന സൂചന. 

കെപിസിസി പ്രസിഡന്റ് പദം ഒഴിയാതെ മല്‍സരിക്കാനാണ് മുല്ലപ്പള്ളിക്ക് ആഗ്രഹം. അതേസമയം നിലവിലെ എംഎല്‍എമാര്‍ എല്ലാവരും മല്‍സരിക്കാനാണ് കോണ്‍ഗ്രസ് നേതൃതലത്തില്‍ ധാരണ. ഇരിക്കൂറില്‍ നിന്നുള്ള കെ സി ജോസഫിന്റെ കാര്യത്തില്‍ മാത്രമാണ് അവ്യക്തത നിലനില്‍ക്കുന്നത്. ഇരിക്കൂറില്‍ ഇനി മല്‍സരിക്കാനില്ലെന്ന് കെ സി ജോസഫ് വ്യക്തമാക്കിയിരുന്നു. കോട്ടയം ജില്ലയിലെ ഒരു സീറ്റാണ് കെ സി ജോസഫ് ലക്ഷ്യമിടുന്നത്.

അതിനിടെ, കെ സി ജോസഫിനെ വീണ്ടും സ്ഥാനാര്‍ത്ഥി ആക്കരുതെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് കത്തയച്ചു. കെ സി ജോസഫ് നിരവധി തവണ എംഎല്‍എ ആയിരുന്നു. ഇനി യുവാക്കള്‍ക്ക് വഴി മാറണമെന്നാണ് ആവശ്യം. ചങ്ങനാശ്ശേരി, കാഞ്ഞിരപ്പള്ളി തുടങ്ങിയ മണ്ഡലങ്ങളാണ് കെ സി ജോസഫ് ലക്ഷ്യമിട്ടത്. 

അതിനിടെ, വിവിധ മണ്ഡലം കമ്മിറ്റികള്‍ തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടിക ചുരുക്കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കി. നിലവില്‍ രണ്ടു മുതല്‍ 10 പേരുകള്‍ വരെ പട്ടികയിലുണ്ട്. ഇത് ഓരോ മണ്ഡലത്തിലും രണ്ടോ മൂന്നോ ആയി ചുരുക്കാനാണ് നിര്‍ദേശം. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായുള്ള സ്‌ക്രീനിങ് കമ്മിറ്റി ഇന്ന് വൈകീട്ട് ഡല്‍ഹിയില്‍ ചേരും. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com