'വെട്ടിനിരത്തി തുടര്‍ ഭരണം നേടാനാകുമോ ?'; കളമശ്ശേരിയില്‍ ചന്ദ്രന്‍പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th March 2021 06:49 AM |
Last Updated: 08th March 2021 06:52 AM | A+A A- |
കെ ചന്ദ്രന്‍പിള്ള, പോസ്റ്ററുകള്‍ / ടെലിവിഷന്‍ ചിത്രം
കൊച്ചി : കളമശ്ശേരിയില്‍ സിപിഎം നേതാവ് കെ ചന്ദ്രന്‍പിള്ളയെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍. വ്യവസായ മേഖലയായ ഏലൂരിലെ പാര്‍ട്ടി ഓപീസിന് മുന്‍വശത്തും മുനിസിപ്പാലിറ്റി ഓഫീസിനും കളമശ്ശേരി പാര്‍ട്ടി ഓഫീസിന് മുന്നിലുമെല്ലാം പോസ്റ്ററുകള്‍ പതിച്ചിട്ടുണ്ട്. കളമശ്ശേരിയില്‍ പി രാജീവിനെ വേണ്ട, തൊഴിലാളി നേതാവ് ചന്ദ്രന്‍പിള്ളയെ സ്ഥാനാര്‍ത്ഥി ആക്കണമെന്നാണ് ആവശ്യം.
പ്രബുദ്ധതയുളള കമ്യൂണിസ്റ്റുകാര്‍ പ്രതികരിക്കും. ചന്ദ്രന്‍പിള്ള കളമശ്ശേരിയുടെ സ്വപ്‌നം. വെട്ടിനിരത്താന്‍ എളുപ്പമാണ്, വോട്ടു പിടിക്കാനാണ് പാട്. മക്കള്‍ ഭരണത്തേയും കുടുംബവാഴ്ചയേയും കുറ്റം പറഞ്ഞ കമ്യൂണിസ്റ്റുകള്‍ക്ക് മറവിയോ?. വെട്ടിനിരത്തി തുടര്‍ഭരണം നേടാനാകുമോ ?. തുടര്‍ഭരണമാണ് ലക്ഷ്യമെങ്കില്‍ ഞങ്ങള്‍ക്ക് സ്വന്തം സ്ഥാനാര്‍ത്ഥി മതി.
ചന്ദ്രന്‍പിള്ളയെ മാറ്റല്ലേ.. ചന്ദ്രപ്രഭയെ തടയല്ലേ..., വിതച്ചിട്ടില്ല കൊയ്യാന്‍ ഇറങ്ങിയിരിക്കുന്നു. തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളില്‍ ഉള്ളത്. കളമശ്ശേരിയില്‍ കെ ചന്ദ്രന്‍പിള്ളയെ ആണ് ജില്ലാ നേതൃത്വം ആദ്യം പരിഗണിച്ചിരുന്നത്. പിന്നീട് സിപിഎം സംസ്ഥാന നേതൃത്വം പി രാജീവിന്റെ പേര് കളമശ്ശേരിയില്‍ നിര്‍ദേശിക്കുകയായിരുന്നു.