അലമുറയിട്ട് മാതാപിതാക്കള്‍, കിണറ്റില്‍ പിഞ്ചുകുഞ്ഞിന്റെ ഞരങ്ങല്‍ ; ചാടിയിറങ്ങി യുവതി ; രണ്ടര വയസ്സുകാരന്‍ തിരികെ ജീവിതത്തിലേക്ക്

കിണറ്റിന്‍ കരയില്‍ അമ്മയുടെ കരച്ചിലും കിണറ്റിനുള്ളില്‍ നിന്നും കുഞ്ഞിന്റെ ഞരങ്ങലും കേട്ട സിന്ധു പിന്നെ മറ്റൊന്നും ആലോചിച്ചില്ല
ആരുഷ്‌
ആരുഷ്‌


കൊല്ലം : മുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ പിഞ്ചു കുട്ടിയെ രക്ഷിച്ചത് യുവതിയുടെ ധീരത. ഐക്കരേത്ത് അജയഭവനത്തില്‍ അജയന്റെയും ശുഭയുടെയും മകനായ ആരുഷ് ആണ് കളിച്ചുകൊണ്ടിരിക്കെ അയല്‍വാസിയുടെ കിണറ്റില്‍ വീണത്.  ഐക്കരേത്ത് മലയുടെ ചരുവില്‍ ശശിയുടെ നല്ല മനസ്സും ഐക്കരേത്ത് സിന്ധു ഭവനത്തില്‍ സിന്ധുവിന്റെ ധീരതയുമാണ് രണ്ടര വയസ്സുകാരന്‍ ആരുഷിന് പുനര്‍ജന്മം നല്‍കിയത്.

കിണറ്റിന്‍ കരയില്‍ അമ്മയുടെ കരച്ചിലും കിണറ്റിനുള്ളില്‍ നിന്നും കുഞ്ഞിന്റെ ഞരങ്ങലും കേട്ട സിന്ധു പിന്നെ മറ്റൊന്നും ആലോചിച്ചില്ല. നിറയെ വെള്ളമുള്ള കിണറിലേക്ക് ഇറങ്ങി. മാതാപിതാക്കളുടെ നിലവിളി കേട്ട് ഓടിയെത്തിയ ശശി ഇതിനകം കിണറ്റില്‍ ഇറങ്ങിയിരുന്നു. സഹായിക്കാന്‍ ആരുമില്ലാതെ ശശി ബുദ്ധിമുട്ടിയപ്പോഴാണ്, തൊട്ടടുത്ത് കുടുംബശ്രീ ഹോട്ടല്‍ നടത്തുന്ന തൊഴിലുറപ്പ് തൊഴിലാളിയായ സിന്ധു കിണറ്റിലേക്ക് ഇറങ്ങിയത്. 

വെള്ളത്തില്‍ മുങ്ങിത്താണുകൊണ്ടിരുന്ന കുഞ്ഞിനെ ശശി എടുത്ത് മുകളിലെ തൊടിയിലേക്ക് കയറിനിന്നു. കുഞ്ഞിനെ സിന്ധു വാങ്ങി മുകളിലേക്ക് കൈമാറി. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം അടൂര്‍ ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കുഞ്ഞിന് പുറമേ പരിക്കൊന്നും ഉണ്ടായിരുന്നില്ല. ആന്തരികമായ പരിക്കുകള്‍ ഉണ്ടോയെന്ന് അറിയുന്നതിനായി തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com