മുല്ലപ്പള്ളി മല്‍സരിക്കുമോ ? ; കോണ്‍ഗ്രസ് സ്‌ക്രീനിങ് കമ്മിറ്റി ഇന്ന് ചേരും

യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണമെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദേശവും ചര്‍ച്ചയാകും
മുല്ലപ്പള്ളി രാമചന്ദ്രന്‍, രാഹുല്‍ഗാന്ധി, രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം / ഫയല്‍ ചിത്രം
മുല്ലപ്പള്ളി രാമചന്ദ്രന്‍, രാഹുല്‍ഗാന്ധി, രമേശ് ചെന്നിത്തല എന്നിവര്‍ക്കൊപ്പം / ഫയല്‍ ചിത്രം

ന്യൂഡല്‍ഹി : കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുമോ എന്നതില്‍ തീരുമാനം ഇന്നറിയാം. മുല്ലപ്പള്ളി ഹൈക്കമാന്‍ഡിനെ ഇന്ന് നിലപാട് അറിയിക്കും. കണ്ണൂര്‍ മണ്ഡലത്തില്‍ മുല്ലപ്പള്ളി മല്‍സരിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. 

അതേസമയം ഉറച്ച സീറ്റായ ഇരിക്കൂറില്‍ മുല്ലപ്പള്ളി മല്‍സരിക്കണമെന്ന് കെ സുധാകരന്‍ ക്യാമ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. മുല്ലപ്പള്ളി മല്‍സരിക്കാന്‍ തയ്യാറായാല്‍ കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് ആകുമെന്നാണ് സൂചന. അതേസമയം കെപിസിസി പ്രസിഡന്റ് പദവി ഒഴിയാന്‍ താല്‍പ്പര്യമില്ലാത്തതാണ് മുല്ലപ്പള്ളിയെ ആശയക്കുഴപ്പത്തിലാക്കുന്നത്. 

ഇരിക്കൂറില്‍ കെ സി ജോസഫ് ഒഴിഞ്ഞ സാഹചര്യത്തില്‍ സോണി സെബാസ്റ്റിയന്‍, സജീവ് ജോസഫ്, ശ്രീകണ്ഠാപുരം നഗരസഭാധ്യക്ഷ കെ വി ഫിലോമിന അടക്കം നിരവധി പേരുകള്‍ ഉയര്‍ന്നിട്ടുണ്ട്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി സ്‌ക്രീനിങ് കമ്മിറ്റി ഇന്നും ചേരും. എംപിമാരുടെ നിര്‍ദേശങ്ങളും യോഗം പരിഗണിക്കും. യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം നല്‍കണമെന്ന രാഹുല്‍ഗാന്ധിയുടെ നിര്‍ദേശവും ചര്‍ച്ചയാകും. 

നാളെ തെരഞ്ഞെടുപ്പ് സമിതിക്ക് അന്തിമ പട്ടിക നല്‍കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. ചര്‍ച്ചകളില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംബന്ധിക്കുന്നുണ്ട്. സംസ്ഥാനത്തു നിന്നും സമര്‍പ്പിച്ച ജംബോ പട്ടിക വെട്ടിച്ചുരുക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com