യൂട്യൂബ്‌ വ്ളോഗർമാരായി എക്‌സൈസ്‌ സംഘം റിസോർട്ടിൽ മുറിയെടുത്തു, വാറ്റുകാരനുമായി 'ഇന്റർവ്യൂ'; ‘കിടിലം പോൾ’ വലയിൽ 

ഒരു ലിറ്റർ ചാരായത്തിന് 1001 രൂപയാണ് ഇയാൾ വിലയിടുന്നത്. ലിറ്റർ ഒന്നിന് ഒരു രൂപ ദൈവത്തിന് കാണിക്കയായി മാറ്റിവെച്ചിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോട്ടയം: യൂട്യൂബ്‌ വ്ളോഗർമാരുടെ വേഷത്തിലെത്തി എക്‌സൈസ് സംഘം ചാരായവിൽപ്പനക്കാരനെ വലയിലാക്കി. അഭിമുഖം നടത്താനെന്ന് പറഞ്ഞ് വിളിച്ചുവരുത്തിയാണ് പോൾ ജോർജ്ജ്‌(43) എന്നയാളെ എക്‌സൈസ്‌ ഷാഡോ സംഘം തൊണ്ടിസഹിതം പിടികൂടിയത്. 

വിനോദസഞ്ചാരികളായി റിസോർട്ടിൽ മുറിയെടുത്ത്‌ യൂട്യൂബ്‌ വ്ളോഗർമാരാണെന്നും പോളിന്റെ തെങ്ങിൻപൂക്കുല ഇട്ട് വാറ്റുന്ന നാടൻ ചാരായത്തിന്റെ രുചി തേടിയെത്തിയവരാണെന്നും വിശ്വസിപ്പിച്ചു. ചാരായത്തിന്റെ വിശേഷങ്ങൾ അറിയാൻ താൽപ്പര്യമുണ്ടെന്നും അഭിമുഖത്തിനായി ചാരായവുമായി എത്താമോയെന്നും ചോദിച്ചു. തുടർന്ന്‌ ചാരായവുമായി എത്തിയ പോളിനെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു

ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കൽക്കല്ല് എന്നിവിടങ്ങളിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ഹോംസ്റ്റേകളിലും റിസോർട്ടുകളിലും എത്തുന്ന വിനോദസഞ്ചാരികൾക്ക് പോൾ വാറ്റുചാരായം എത്തിച്ചുകൊടുക്കാറുണ്ട്. ഒരു ലിറ്റർ ചാരായത്തിന് 1001 രൂപയാണ് ഇയാൾ വിലയിടുന്നത്. ലിറ്റർ ഒന്നിന് ഒരു രൂപ ദൈവത്തിന് കാണിക്കയായി മാറ്റിവെച്ചിരുന്നു. ‘കിടിലം പോൾ’ എന്നറിയപ്പെടുന്ന ഇയാൾ നിരവധി ചാരായകേസുകളിൽ പ്രതിയാണ്‌. പലതവണ ഇയാൾക്കായി വലവീശിയിട്ടുണ്ടെങ്കിലും എക്സൈസ് സംഘത്തെ ആക്രമിച്ച്‌ രക്ഷപ്പെടുകയായിരുന്നു പതിവ്. 

ഈരാറ്റുപേട്ട എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ വൈശാഖ് വി പിള്ളയുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്‌. ഷാഡോ എക്‌സൈസ് സംഘത്തിലെ അഭിലാഷ് കുമ്മണ്ണൂർ, കെ വി വിശാഖ്, നൗഫൽ കരിം എന്നിവരാണ് വിനോദസഞ്ചാരികളായി റിസോർട്ടിൽ മുറിയെടുത്തത്. പോളിന്റെ വീട്ടിൽനിന്ന്‌ 16 ലിറ്റർ ചാരായവും 150 ലിറ്റർ വാഷും ചാരായം വാറ്റാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളും കണ്ടെടുത്തു. ചാരായം കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com