ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന കാലം മുതല്‍ ആര്‍എസ്എസ്സുകാരന്‍: ഇ ശ്രീധരന്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th March 2021 01:49 PM |
Last Updated: 09th March 2021 01:49 PM | A+A A- |

ഇ ശ്രീധരന്‍/ഫയല്‍
കൊച്ചി: സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ ആര്‍എസ്എസിന്റെ ഭാഗമായിരുന്നെന്ന്, അടുത്തിടെ ബിജെപിയില്‍ ചേര്‍ന്ന മെട്രോമാന്‍ ഇ ശ്രീധരന്‍. തന്നില്‍ എന്തൊക്കെ മൂല്യങ്ങളുണ്ടോ അതിന്റെയൊക്കെ അടിത്തറ ആര്‍എസ്എസ് ആണ്. ഔദ്യോഗിക പദവിയില്‍ രാഷ്ട്രീയം കലര്‍ത്താന്‍ താത്പര്യം ഇല്ലാതിരുന്നതിനാല്‍ നിഷ്പക്ഷ നിലപാടു സ്വീകരിക്കുകയായിരുന്നെന്ന് ശ്രീധരന്‍ പറഞ്ഞു. ആര്‍എസ്എസ് മുഖപത്രമായ കേസരി പ്രസിദ്ധീകരിച്ച അഭിമുഖത്തിലാണ് ഇ ശ്രീധരന്റെ വെളിപ്പെടുത്തല്‍.
പാലക്കാട്ട് സ്‌കൂള്‍ വിദ്യാഭ്യാസ കാലത്താണ് സംഘവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്. സെക്കന്‍ഡ് ഫോം മുതല്‍ പത്താം ക്ലാസ് വരെയും വിക്ടോറിയ കോളജിലെ ഇന്റര്‍മിഡിയറ്റ് കാലത്തും അതു തുടര്‍ന്നു. അന്നത്തെ പ്രചാരക് ആയിരുന്ന നിലമ്പൂര്‍ കോവിലകത്തെ ടിഎന്‍ ഭരതനും രാ വേണുഗോപാലുമാണ് ശിക്ഷണം നല്‍കിയത്. എന്നില്‍ എന്തൊക്കെ മൂല്യങ്ങളുണ്ടോ അതിന്റെയൊക്കെ അടിത്തറ ആര്‍എസ്എസ് ആണ്. മോഹന്‍ ഭാഗവത് കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തോടും ഇക്കാര്യം പറഞ്ഞിട്ടുണ്ട്- ശ്രീധരന്‍ അഭിമുഖത്തില്‍ പറയുന്നു.
ദേശ സുരക്ഷയുടെ നാലാം തൂണാണ് ആര്‍എസ്എസ് എന്ന ജസ്റ്റിസ് കെടി തോമസിന്റെ അഭിപ്രായത്തോട് പൂര്‍ണമായും യോജിക്കുന്നു. രാജ്യത്തിന്റെ ധാര്‍മിക മൂല്യങ്ങള്‍ എല്ലാവരിലും എത്തിക്കുക എന്നതാണ് ഞാന്‍ ലക്ഷ്യമിടുന്നത്. ബിജെപി പ്രവേശനം അതിനു വേണ്ടി കൂടിയാണ്. രാജ്യത്തോടും സമൂഹത്തോടുമുള്ള അചഞ്ചലമായ സ്‌നേഹം, ദൃഢനിശ്ചയം, സത്യസന്ധത, കഠിനാധ്വാനം എന്നിവയാണ് നരേന്ദ്ര മോദിയുടെ പ്രത്യേകത. അദ്ദേഹത്തില്‍നിന്നു ഞാന്‍ പഠിച്ചത് ഈ പാഠങ്ങളാണ്. ഇവയൊക്കെയും സമൂഹത്തില്‍ പ്രചരിക്കേണ്ടതുണ്ട്- ശ്രീധരന്‍ പറഞ്ഞു.
കേരളത്തില്‍ ബിജെപി വര്‍ഗീയ പാര്‍ട്ടിയാണെന്ന പ്രചാരണത്തെ അതിജീവിക്കേണ്ടതുണ്ട്. ദേശസുരക്ഷയ്ക്കു വേണ്ടി നില്‍ക്കുന്ന പാര്‍ട്ടിയാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്താന്‍ നേതൃത്വം ശ്രമിക്കണം. പൊതുസമൂഹം ഇക്കാര്യം ഏറെക്കുറെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആ മാറ്റം പ്രകടമാണെന്നും ഇ ശ്രീധരന്‍ അഭിമുഖത്തില്‍ പറയുന്നു.