പി രാജീവിനെതിരെ കെ എം  ഷാജി?; കളമശേരിയില്‍ പോരാട്ടം മുറുകും

കളമശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവിനെതിരെ കെഎം ഷാജി യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും
പി രാജീവ് - കെഎം ഷാജി  /  ചിത്രം ഫെയ്‌സ്ബുക്ക്‌
പി രാജീവ് - കെഎം ഷാജി / ചിത്രം ഫെയ്‌സ്ബുക്ക്‌

കൊച്ചി: കളമശേരിയില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി രാജീവിനെതിരെ കെഎം ഷാജി യുഡിഎഫ് സ്ഥാനാര്‍ഥിയായേക്കും. സിറ്റിങ് എംഎല്‍എ വികെ ഇബ്രാഹിംകുഞ്ഞിന് പകരം കെഎം ഷാജിയെ മത്സരിപ്പിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ലീഗ് നേതൃത്വത്തെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ കളമശേരിയില്‍ മത്സരിക്കാന്‍ തയ്യാറാണെന്ന് ഷാജി അറിയിച്ചിട്ടുണ്ട്.

അഴിക്കോട് മണ്ഡലത്തില്‍ കെഎം ഷാജി മത്സരിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട. കാസര്‍കോട് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ ഷാജി സന്നദ്ധത അറിയിച്ചെങ്കിലും മുസ്ലീം ലീഗ് കാസര്‍കോട് മണ്ഡലം കടുത്ത എതിര്‍പ്പുമായി രംഗത്തെത്തിയതോടെ അതിനുള്ള സാധ്യതയും മങ്ങി. ഷാജി കളമശേരിയില്‍ മത്സരിക്കുന്നത് ജില്ലയിലാകെ ഗുണം ചെയ്യുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. 

പാലാരിവട്ടം പാലം അഴിമതിയുടെ പേരില്‍ കേസ് നേരിടുന്ന സിറ്റിങ് എംഎല്‍എയും മുന്‍ വ്യവസായമന്ത്രിയുമായ വികെ.ഇബ്രാഹിം കുഞ്ഞിനെ വീണ്ടും മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുസ്ലിം ലീഗിലെ ഒരു വിഭാഗം നേരത്തേ തന്നെ സംസ്ഥാന നേതൃത്വത്തെ സമീപിച്ചിരുന്നു. ഇബ്രാഹിം കുഞ്ഞിനു പകരം മകന്‍ അബ്ദുള്‍ ഗഫൂറിനെ മത്സരിപ്പിക്കാനുള്ള നീക്കത്തെയും ഇവര്‍ എതിര്‍ത്തിരുന്നു.എന്നാല്‍, മണ്ഡലത്തില്‍ രണ്ടു തവണ തുടര്‍ച്ചയായി എംഎല്‍എ ആയ ഇബ്രാഹിം കുഞ്ഞിനുള്ള സ്വാധീനം പൂര്‍ണമായി തള്ളിക്കളയാന്‍ സംസ്ഥാന നേതൃത്വത്തിനാവില്ല. അതേസമയം, അഴിമതി ആരോപണ വിധേയനായ ആളെ സ്ഥാനാര്‍ഥിയാക്കുന്നത് മറ്റു മണ്ഡലങ്ങളിലും തിരിച്ചടിയാവുമെന്ന് എതിര്‍പക്ഷം ചൂണ്ടിക്കാണിക്കുന്നു.

മുസ്ലിം ലീഗിന്റെ മണ്ഡലത്തിലെ ഈ ദൗര്‍ബല്യം മുതലെടുത്ത് ശക്തനായ സ്ഥാനാര്‍ഥിയെയാണ് സിപിഎം ഇക്കുറി പ്രഖ്യാപിച്ചത്. മികച്ച പാര്‍ലമെന്ററിയനെന്ന് പേരെടുത്ത, ജില്ലയില്‍ സുപരിചിതനായ പി.രാജീവാണ് കളമശ്ശേരിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി. എന്നാല്‍, സിപിഎം പ്രാദേശിക ഘടകത്തില്‍ നിന്നുള്ള എതിര്‍പ്പ് രാജീവിനെതിരെയും ഉയര്‍ന്നു കഴിഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com