കൊല്ലത്ത് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച് കൊന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th March 2021 07:42 PM |
Last Updated: 09th March 2021 09:07 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊല്ലം: കൊല്ലത്ത് മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്തുഞെരിച്ച്
കൊലപ്പെടുത്തി.പുത്തൂര്‍ തെക്കുമ്പുറം ശങ്കരവിലാസത്തില്‍ ഡോ. ബബൂലിന്റെ മൂന്നരമാസം പ്രായമുള്ള മകള്‍ അനൂപയാണ് മരിച്ചത്. 25കാരിയായ ദിവ്യയെ കുണ്ടറ പൊലിസ് കസ്റ്റഡിയിലെടുത്തു.
ദിവ്യയുടെ വീടായ കാഞ്ഞിരകോട് മായംകോട് നന്ദാവനത്തില്‍ ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. യുവതിയുടെ അച്ഛന്‍ ഓട്ടോറിക്ഷാ തൊഴിലാളിയായ ജോണി സെബാസ്റ്റ്യൻ വീട്ടിലെത്തി വാതില്‍തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ദിവ്യ വാതില്‍തുറക്കാന്‍ തയ്യാറായില്ല. ഒടുവില്‍ വാതില്‍ തുറന്ന് ദിവ്യയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഇയാൾ കുഞ്ഞിനെ എടുത്തു പരിശോധിച്ചപ്പോള്‍ അനക്കമുണ്ടായിരുന്നില്ല. ഉടന്‍തന്നെ കുണ്ടറ താലൂക്ക് ആശുപത്രിയിലെത്തിച്ചുവെങ്കിലും മരിച്ചിരുന്നു.
സംഭവസമയം ദിവ്യയും കുഞ്ഞും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. പ്രസവത്തെത്തുടര്‍ന്ന് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ദിവ്യ, കുഞ്ഞിന്റെ നൂലുകെട്ടുദിവസം കൈമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായും ബന്ധുക്കള്‍ പറയുന്നു. ഇതേതുടര്‍ന്ന് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സയിലായിരുന്നു.
പ്രസവശേഷം മകൾ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചതോടെ കുഞ്ഞിന്റെ സംരക്ഷണത്തിന് വീട്ടിൽ ഒരു സ്ത്രീയെ നിര്‍ത്തിയിരുന്നു. തന്റെ അസുഖം മാറിയെന്നും ഇനി സഹായിയെ ഒഴിവാക്കണമെന്നുമുള്ള ദിവ്യയുടെ അഭ്യര്‍ത്ഥനമാനിച്ച് പിതാവ് ആഴ്ചകള്‍ക്കുമുമ്പാണ് ഇവരെ പറഞ്ഞുവിട്ടത്. കുഞ്ഞിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍കോളജ് ആശുപത്രിയിലേക്ക് മാറ്റി.
.