'എന്നോടാരും ചോദിച്ചിട്ടില്ല, ഞാനാരോടും പറഞ്ഞിട്ടുമില്ല' : മമ്മൂട്ടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 09th March 2021 12:19 PM |
Last Updated: 09th March 2021 12:35 PM | A+A A- |
മമ്മൂട്ടി/ഫയല്‍ ചിത്രം
കൊച്ചി : തനിക്ക് വ്യക്തമായ രാഷ്ട്രീയ നിലപാട് ഉണ്ടെന്ന് നടന്‍ മമ്മൂട്ടി. ആരും തന്നോട് മല്‍സരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. സിനിമയാണ് തന്റെ രാഷ്ട്രീയം. സജീവ രാഷ്ട്രീയത്തില്‍ തനിക്ക് താല്‍പ്പര്യമില്ലെന്നും മമ്മൂട്ടി പറഞ്ഞു. പുതിയ സിനിമയായ ദി പ്രീസ്റ്റിന്റെ റിലീസുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മല്‍സരിക്കാന്‍ ആവശ്യപ്പെട്ട് ആരെങ്കിലും സമീപിച്ചോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, എന്നോടാരും ചോദിച്ചിട്ടില്ല, ഞാനാരോടും പറഞ്ഞിട്ടുമില്ല എന്ന് മമ്മൂട്ടി പറഞ്ഞു. താല്‍പ്പര്യമുണ്ടോ എന്ന ചോദ്യത്തിന് തല്‍ക്കാലമില്ലെന്നായിരുന്നു മറുപടി. പ്രചാരണത്തിന് ഇറങ്ങുമോ എന്ന ചോദ്യത്തിന് എന്തിന് എന്നായിരുന്നു താരത്തിന്റെ മറുചോദ്യം.
ഭാവിയില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന്, അത് എന്തിനാ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്, ഞാനല്ലേ പ്രതീക്ഷിക്കേണ്ടത് എന്ന് മമ്മൂട്ടി ചോദിച്ചു. തമിഴ്‌നാട്ടില്‍ നടന്മാര്‍ കൂട്ടത്തോടെ രാഷ്ട്രീയത്തിലിറങ്ങുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍, മലയാളത്തില്‍ അത് കാണാന്‍ സാധ്യതയില്ലെന്നാണ് തോന്നുന്നതെന്നും മമ്മൂട്ടി പറഞ്ഞു.