കോണ്‍ഗ്രസ് നേതാക്കള്‍/ഫയല്‍
കോണ്‍ഗ്രസ് നേതാക്കള്‍/ഫയല്‍

ആ മരണം ഏത്? അമിത് ഷാ തുറന്നു പറയണം; മറച്ചുവയ്ക്കുന്നത് എന്തിനെന്ന് കോണ്‍ഗ്രസ് 

ബിജെപിയും സിപിഎമ്മും തമ്മിലുള്ള ബന്ധം കൊണ്ടാണ് ഇക്കാര്യം അമിത് ഷാ മറച്ചുവയ്ക്കുന്നതെന്നു കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട ദുരൂഹ മരണം ഏതാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുറന്നു പറയണമെന്ന് കോണ്‍ഗ്രസ്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ബന്ധം കൊണ്ടാണ് ഇക്കാര്യം അമിത് ഷാ മറച്ചുവയ്ക്കുന്നതെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഒരു മരണത്തില്‍ അന്വേഷണം നടന്നില്ലെന്ന് അമിത് ഷാ തിരുവനന്തപുരത്ത് പ്രസംഗിച്ചത്. അത് ഏതാണന്ന് അദ്ദേഹം വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍  ആവശ്യപ്പെട്ടു. കേരളത്തിലെ ജനങ്ങളോട് ഇക്കാര്യം തുറന്നു പറയാന്‍ അമിത് ഷാ തയാറാവണം.

മുഖ്യമന്ത്രി പിണറായി വിജയനോട് അമിത് ഷാ ചില ചോദ്യങ്ങള്‍ ചോദിച്ചു. ക്രിമിനല്‍ കുറ്റങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് ഈ ചോദ്യങ്ങളില്‍ ഉള്ളത്. ഇതിനു മറുപടി പറയാതെ തിരിച്ചു ചില ചോദ്യങ്ങള്‍ ചോദിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ജനങ്ങള്‍ക്കു ചോദ്യങ്ങളല്ല, ഉത്തരങ്ങളാണ് വേണ്ടത്. ക്രിമിനല്‍ കുറ്റങ്ങളില്‍ നടപടികള്‍ വേണമെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

സിപിഎമ്മും ബിജെപിയും തമ്മില്‍ കൂട്ടുകെട്ടുണ്ടാക്കിയിരിക്കുകയാണ്. കോണ്‍ഗ്രസിനെ ഇല്ലാതാക്കാനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നത്. ബിജെപി ദേശീയ തലത്തില്‍ അതിനു ശ്രമിക്കുമ്പോള്‍ സിപിഎം കേരളത്തില്‍ അതിനു തന്നെ ശ്രമം നടത്തുന്നു. ഇതു ജനങ്ങള്‍ തിരിച്ചറിയുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. ഹൈക്കമാന്‍ഡുമായി ആലോചിച്ച ശേഷമാണ് താന്‍ ഇക്കാര്യം വ്യക്തമാക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്. ഘടകക്ഷികളുമായുള്ള കൂടിയാലോചനകള്‍ ഏതാണ്ട് അവസാനിച്ചു. ഒന്നോ രണ്ടോ ദിവസത്തിനകം ആരെല്ലാം ഏതെല്ലാം സീറ്റില്‍ മത്സരിക്കുമെന്നതില്‍ വ്യക്തത വരുമെന്ന് കെപിസിസി പ്രസിഡന്റ് പറഞ്ഞു. 

സിറ്റിങ് എംഎല്‍എമാരെ മണ്ഡലം മാറ്റുന്നതു സംബന്ധിച്ച് പാര്‍ട്ടിയില്‍ ചര്‍ച്ചകളൊന്നും നടന്നിട്ടില്ല. ഷാഫി പറമ്പില്‍ പാലക്കാട്ടുനിന്നു പട്ടാമ്പിയിലേക്കു മാറുമെന്ന തരത്തില്‍ പ്രചരിക്കുന്നതു തെറ്റായ വാര്‍ത്തയാണ്. അത്തരത്തില്‍ ഒരു ആലോചനയും നടന്നിട്ടില്ല. എംപിമാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ ആര്‍ക്കും ഇളവില്ല. അത്തരത്തില്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com