12 വനിതകള്‍, എട്ടു സെക്രട്ടേറിയറ്റ് അംഗങ്ങളും മല്‍സര രംഗത്ത് ; അഞ്ചു മന്ത്രിമാരും 33 എംഎല്‍എമാരും പോരിനില്ല
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th March 2021 01:05 PM |
Last Updated: 10th March 2021 01:05 PM | A+A A- |
പി മിഥുന, പി ജിജി എന്നിവര്‍ / ഫയല്‍ ചിത്രം
തിരുവനന്തപുരം : നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎം ടിക്കറ്റില്‍ ഇത്തവണ 12 വനിതകളാണ് മല്‍സരരംഗത്തുള്ളത്. ഇതില്‍ രണ്ട് മന്ത്രിമാരും ഉള്‍പ്പെടുന്നു. ആരോഗ്യമന്ത്രി കെ കെ ശൈലജ, ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ എന്നിവരാണ് വീണ്ടും ജനവിധി തേടുന്നത്.
കായംകുളത്ത് യു പ്രതിഭ, ആറന്മുളയില്‍ വീണ ജോര്‍ജ് എന്നിവരാണ് മല്‍സരരംഗത്തുള്ള നിലവിലെ എംഎല്‍എമാര്‍. ഒ എസ് അംബിക, ഷെല്‍ന നിഷാദ്, പി ജിജി, ദെലീമ ജോജോ, ജമീല കാനത്തില്‍, പ്രൊഫ. ആര്‍ ബിന്ദു, അഡ്വ. ശാന്തകുമാരി, പി മിഥുന എന്നിവരാണ് സ്ഥാനാര്‍ത്ഥികളായ വനിതകള്‍. കഴിഞ്ഞ തവണയും 12 വനിതകളെയാണ് സിപിഎം മല്‍സരരംഗത്തിറക്കിയത്.
2016 ല്‍ 92 സീറ്റുകളില്‍ മല്‍സരിച്ച സിപിഎം ഇത്തവണ 85 സീറ്റുകളിലാണ് മല്‍സരിക്കുന്നത്. 74 പേര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികളും 9 പേര്‍ പാര്‍ട്ടി സ്വതന്ത്രരുമാണ്. സിപിഎം സെക്രട്ടേറിയറ്റില്‍ നിന്ന് മുഖ്യമന്ത്രി അടക്കം എട്ടുപേര്‍ മല്‍സരിക്കും. പിണറായി വിജയന്‍, മന്ത്രിമാരായ കെ കെ ശൈലജ, ടി പി രാമകൃഷ്ണന്‍, എം എം മണി, എം വി ഗോവിന്ദന്‍, കെ രാധാകൃഷ്ണന്‍, പി രാജീവ്, കെ എന്‍ ബാലഗോപാല്‍ എന്നിവരാണ് മല്‍സരിക്കുന്ന സെക്രട്ടേറിയറ്റ് അംഗങ്ങള്‍.
ധനമന്ത്രി ഡോ. തോമസ് ഐസക്ക്, മന്ത്രിമാരായ ജി സുധാകരന്‍, എ കെ ബാലന്‍, ഇ പി ജയരാജന്‍, പ്രൊഫ. സി രവീന്ദ്രനാഥ് എന്നിവരാണ് ഇത്തവണ മല്‍സരരംഗത്തു നിന്നും മാറി നില്‍ക്കുന്നത്. സിറ്റിങ് എംഎല്‍എമാരായ 33 പേരും മത്സരരംഗത്തില്ല. രണ്ടു ടേം നിബന്ധന കര്‍ശനമായി നടപ്പാക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് ഇത്രയധികം എംഎല്‍എമാരെ മാറ്റി പുതിയവരെ പരീക്ഷിക്കാന്‍ കളമൊരുങ്ങിയത്.