പിണങ്ങിപ്പോയി ശീലമുള്ള പി സി ചാക്കോ; എന്‍സിപിയിലേക്കോ ബിജെപിയിലേക്കോ?

കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച മുതിര്‍ന്ന നേതാവ് പി സി ചാക്കോ ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ലെന്ന് പറയുമ്പോഴും അദ്ദേഹം എങ്ങോട്ടാണെന്ന ചര്‍ച്ച രാഷ്ട്രീയ കേരളത്തില്‍ സജീവമാണ്
പി സി ചാക്കോ/ ഫയല്‍ ചിത്രം
പി സി ചാക്കോ/ ഫയല്‍ ചിത്രം


കോണ്‍ഗ്രസില്‍ നിന്നും രാജിവച്ച മുതിര്‍ന്ന നേതാവ് പി സി ചാക്കോ ഭാവി പരിപാടികള്‍ തീരുമാനിച്ചിട്ടില്ലെന്ന് പറയുമ്പോഴും അദ്ദേഹം എങ്ങോട്ടാണെന്ന ചര്‍ച്ച രാഷ്ട്രീയ കേരളത്തില്‍ സജീവമാണ്. എന്‍സിപിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറുമായി ചാക്കോ ചര്‍ച്ച നടത്തിയിരുന്നതായാണ് സൂചന. ബിജെപി പാളയത്തിലെത്തി നിയമസഭയിലേക്ക് മത്സരിക്കുമെന്ന ചര്‍ച്ചയും സജീവമാണ്.

കേരളത്തില്‍ കോണ്‍ഗ്രസ് എന്നൊരു പാര്‍ട്ടിയില്ലെന്നും രണ്ട് ഗ്രൂപ്പുകളുടെ ഏകോപന സമിതി മാത്രമാണ് ഉള്ളതെന്നും പരസ്യമായി വിളിച്ചുപറഞ്ഞാണ് പി സി ചാക്കോ പാര്‍ട്ടിയില്‍ നിന്ന് ഇറങ്ങിപ്പോയിരിക്കുന്നത്.സോണിയ ഗാന്ധിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ചാക്കോ, അടുത്ത കാലത്ത് കേരളത്തിലെ കോണ്‍ഗ്രസ് വേദികളില്‍ സജീവമായിരുന്നില്ല.

ദേശീയ, സംസ്ഥാന നേതൃത്വങ്ങളെ ഒരുപോലെ കുറ്റപ്പെടുത്തിയാണ് അദ്ദേഹം പാര്‍ട്ടി വിട്ടിരിക്കുന്നത്. നിര്‍ണായകമായ ഒരു നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഒരു കൂടിയാലോചനയും നടന്നിട്ടില്ല. ഇരു ഗ്രൂപ്പുകളും അവരവരുടെ പട്ടിക തയാറാക്കുകയാണ് ചെയ്തത് എന്ന് അദ്ദേഹം തുറന്നടിച്ചു. ദേശീയ തലത്തിലും കോണ്‍ഗ്രസ് നേതൃത്വമില്ലാത്ത അവസ്ഥയിലാണ്. രാഹുല്‍ ഗാന്ധി സ്ഥാനമൊഴിഞ്ഞതിനു ശേഷം പുതിയൊരു പ്രസിഡന്റിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല എന്നും അദ്ദേഹം വിമര്‍ശിച്ചു.

കോണ്‍ഗ്രസില്‍ നിന്നുള്ള പിണങ്ങിപ്പോക്കും തിരിച്ചുവരവും പി സി ചാക്കോയ്ക്ക് പുതുമയുള്ള കാര്യമല്ല. നാലുവര്‍ഷത്തോളം കോണ്‍ഗ്രസ് എസില്‍ പ്രവര്‍ത്തിച്ച് ശേഷം കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ചരിത്രവും ചാക്കോയ്ക്കുണ്ട്.

കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി,യുവജന പ്രസ്ഥാനങ്ങളിലൂടെ രാഷ്ട്രീയ ജീവിതമാരംഭിച്ച ചാക്കോ, നാലുതവണ ലോക്‌സഭയിലേക്കും ഒരുതവണ നിയമസഭയിലേക്കും മത്സരിച്ച് വിജയിച്ചു.

1970 മുതല്‍ 1973 വരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായും 1973-1975 കാലഘട്ടത്തില്‍ സംഘടനയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായും 1975 മുതല്‍ 1979 വരെ കെപിസിസി ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.

1978ല്‍ കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ ആന്റണി വിഭാഗത്തിനൊപ്പം ചേര്‍ന്ന ചാക്കോ, 1980ല്‍ പിറവം മണ്ഡലത്തില്‍ നിന്ന് നിയമസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 1980-1981 ലെ ഇ കെ നായനാര്‍ മന്ത്രിസഭയില്‍ വ്യവസായ വകുപ്പ് മന്ത്രിയായി.

ആന്റണി വിഭാഗം 1982ല്‍ കോണ്‍ഗ്രസില്‍ ലയിച്ചെങ്കിലും ചാക്കോ കോണ്‍ഗ്രസിലേക്ക് തിരിച്ചുപോയില്ല. പകരം കോണ്‍ഗ്രസ് എസില്‍ ചേര്‍ന്നു. 1982 മുതല്‍ 1986 വരെ കോണ്‍ഗ്രസ് എസിന്റെ സംസ്ഥാന പ്രസിഡന്റായും പ്രവര്‍ത്തിച്ചു.പിന്നീട് കോണ്‍ഗ്രസില്‍ തിരിച്ചെത്തി.

1991ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് ആദ്യമായി ലോക്‌സഭാംഗമായി. 1996ല്‍ മുകുന്ദപുരത്ത് നിന്നും 1998ല്‍ ഇടുക്കിയില്‍ നിന്നും 2009ല്‍ തൃശൂരില്‍ നിന്നും വീണ്ടും ലോക്‌സഭയിലെത്തി.

1999ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് നിന്ന് സിപിഎമ്മിന്റെ കെ സുരേഷ് കുറുപ്പിനോടും 2014ല്‍ ചാലക്കുടിയില്‍ നിന്ന് ഇടത് സ്വതന്ത്രനായി മത്സരിച്ച ഇന്നസെന്റിനോടും പരാജയപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com