'ഈ സ്ഥാനാര്‍ത്ഥിയുമായി പ്രചാരണത്തിന് ഇറങ്ങുന്നത് പ്രയാസമുണ്ടാക്കും' ; പൊന്നാനിയില്‍ നേതൃത്വത്തിന് വീഴ്ച പറ്റിയെന്ന് വിമര്‍ശനം

പ്രവര്‍ത്തകരുടെ പ്രതിഷേധം ഭയന്ന് മാറഞ്ചേരി ലോക്കല്‍ സെക്രട്ടറി വി വി സുരേഷിന്റെ വസതിയിലാണ് പാര്‍ട്ടി റിപ്പോര്‍ട്ടിങ് നടന്നത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


മലപ്പുറം : പൊന്നാനിയില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സംസ്ഥാന നേതൃത്വത്തിന് വീഴ്ച പറ്റിയതായി വിമര്‍ശനം. പാര്‍ട്ടി പ്രവര്‍ത്തകരുടെയും മുന്നണിയുടെ പൊതുവായുമുള്ള വികാരത്തെ മാനിക്കാതെയാണ് നേതൃത്വം സ്ഥാനാര്‍ത്ഥിയായി നന്ദകുമാറിനെ തീരുമാനിച്ചതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി. സംസ്ഥാന സമിതി തീരുമാനം റിപ്പോര്‍ട്ട് ചെയ്യാന്‍ വിളിച്ചു ചേര്‍ത്ത സിപിഎം പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റി യോഗത്തിലാണ് പ്രാദേശിക നേതാക്കള്‍ കടുത്ത എതിര്‍പ്പ് അറിയിച്ചത്. 

പ്രവര്‍ത്തകരുടെ പ്രതിഷേധം ഭയന്ന് മാറഞ്ചേരി ലോക്കല്‍ സെക്രട്ടറി വി വി സുരേഷിന്റെ വസതിയിലാണ് പാര്‍ട്ടി റിപ്പോര്‍ട്ടിങ് നടന്നത്. പി ശ്രീരാമകൃഷ്ണന്‍ മല്‍സരിക്കാത്ത സാഹചര്യത്തില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി എം സിദ്ധിഖിനെ മല്‍സരിപ്പിക്കണമെന്നാണ് പൊന്നാനിയിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെയും അനുഭാവികളുടെയും വികാരമെന്ന് ഭൂരിഭാഗം മണ്ഡലം കമ്മിറ്റി നേതാക്കളും പറഞ്ഞു.

സംസ്ഥാന നേതൃത്വം നിശ്ചയിച്ച സ്ഥാനാര്‍ത്ഥിയുമായി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുന്നത് ഏറെ പ്രയാസമുണ്ടാക്കുമെന്ന് പെരുമ്പടപ്പില്‍ നിന്നുള്ള ഏരിയാ കമ്മിറ്റി അംഗം തുറന്നടിച്ചു. പെരുമ്പടപ്പ്, വെളിയങ്കോട്, എരമംഗലം, മാറഞ്ചേരി, പൊന്നാനി, പൊന്നാനി നഗരം, ചെറുവായിക്കര, ഈഴുവത്തിരുത്തി, ആലങ്കോട്, നന്നംമുക്ക് തുടങ്ങി ലോക്കല്‍ കമ്മിറ്റികളില്‍ നിന്നുള്ള ഭൂരിഭാഗം നിയോജകമണ്ഡലം കമ്മിറ്റി അംഗങ്ങളും നന്ദകുമാറിന് പകരം സിദ്ധിഖിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന നിര്‍ദേശത്തെ പിന്തുണച്ചു. 

സിപിഎം പൊന്നാനി നിയോജകമണ്ഡലം കമ്മിറ്റിയിലെ 24 അംഗങ്ങളില്‍ പൊന്നാനി ഏരിയാ സെക്രട്ടറി അഡ്വ പി കെ ഖലിമുദ്ദീന്‍ നിയോജക മണ്ഡലം കമ്മിറ്റി സെക്രട്ടറി കൂടിയായതിനാല്‍ അഭിപ്രായം രേഖപ്പെടുത്തിയില്ല. ശേഷിക്കുന്ന 23 പേരില്‍ 18 പേരും പൊന്നാനിയില്‍ ടി എം സിദ്ധിഖിനെയാണ് പിന്തുണച്ചത്. അംഗങ്ങളുടെ നിര്‍ദേശങ്ങള്‍ സംസ്ഥാന നേതൃത്വത്തെ അറിയിക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത സിപിഎം കേന്ദ്രക്കമ്മിറ്റി ക്ഷണിതാവ് പാലൊളി മുഹമ്മദ് കുട്ടി യോഗത്തെ അറിയിച്ചു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com