എം എം ഹസ്സന് സീറ്റില്ല ?; ബാബുവിനും കെ സി ജോസഫിനും സീറ്റ് നല്‍കുന്നതില്‍ തര്‍ക്കം ; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക നാളെ

കെ സി ജോസഫ് ഒഴികെ സിറ്റിങ് എംഎല്‍എ മാരെ വീണ്ടും സ്ഥാനാര്‍ത്ഥികളാക്കുമെന്നാണ് സൂചന
എം എം ഹസ്സന്‍, കെ ബാബു, കെ സി ജോസഫ് / ഫയല്‍
എം എം ഹസ്സന്‍, കെ ബാബു, കെ സി ജോസഫ് / ഫയല്‍

ന്യൂഡല്‍ഹി :  മുതിര്‍ന്ന നേതാവും യുഡിഎഫ് കണ്‍വീനറുമായ എംഎം ഹസ്സന് ഇത്തവണ സീറ്റ് നല്‍കിയേക്കില്ലെന്ന് സൂചന. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍, അന്തിമ സ്ഥാനാര്‍ത്ഥി പട്ടിക നാളെയെ പ്രഖ്യാപിക്കുകയുള്ളൂ. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരി്ഖ് അന്‍വറും കെസി വേണുഗോപാലും സൂചിപ്പിച്ചതാണ് ഇക്കാര്യം.  

കെ സി ജോസഫ് ഒഴികെ സിറ്റിങ് എംഎല്‍എ മാരെ വീണ്ടും സ്ഥാനാര്‍ത്ഥികളാക്കുമെന്നാണ് സൂചന. പട്ടികക്ക് അന്തിമരൂപം നല്‍കാനുള്ള സ്‌ക്രീനിംഗ് കമ്മിറ്റി യോഗം ഇന്നും തുടരും. മുന്‍മന്ത്രിമാരായ കെ സി ജോസഫ്, കെ ബാബു എന്നിവര്‍ക്ക് സീറ്റ് ലഭിക്കാന്‍ ഉമ്മന്‍ചാണ്ടി ചരടുവലി നടത്തുന്നുണ്ട്. എന്നാല്‍ ഇരുവരെയും വീണ്ടും മല്‍സരിപ്പിക്കുന്നതില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് അടക്കം അതൃപ്തിയുണ്ട്. 1982 മുതല്‍ കെസി ജോസഫ് ഇരിക്കൂറില്‍ നിന്നും എംഎല്‍എയാണ്. 

ഇത്തവണ ഇരിക്കൂറിന് പകരം കാഞ്ഞിരപ്പള്ളിയാണ് കെ സി ജോസഫ് നോട്ടമിട്ടത്. എന്നാല്‍ കെ സി ജോസഫിന് വീണ്ടും അവസരം നല്‍കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്‍കിയിട്ടുണ്ട്. പകരം ഇനി യുവനേതാക്കള്‍ക്ക് അവസരം നല്‍കണമെന്നാണ് ആവശ്യം. 

1991, 1996, 2001, 2006, 2011 തെരഞ്ഞെടുപ്പുകളില്‍ കെ ബാബു തൃപ്പൂണിത്തുറയില്‍ നിന്നും നിയമസഭയിലേക്ക് വിജയിച്ചിരുന്നു. കഴിഞ്ഞ തവണ സിപിഎമ്മിലെ എം സ്വരാജിനോടാണ് ബാബു പരാജയപ്പെട്ടത്. ഇത്തവണ കെ ബാബുവിന്റെ പേര് വീണ്ടും ഉയര്‍ന്നുവന്നിട്ടുണ്ട്. എന്നാല്‍ വീണ്ടും ബാബുവിന് സീറ്റ് നല്‍കുന്നതിനെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പ് ശക്തമാണ്. 

അതിനിടെ, ഗ്രൂപ്പിസമാണ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഫലിക്കുന്നതെന്നും മുതിര്‍ന്ന നേതാക്കള്‍ പോലും ഇഷ്ടക്കാരെ തിരുകിക്കയറ്റുകയാണെന്നും കാണിച്ച് എം പിമാര്‍ ഹൈക്കമാന്‍ഡിന് പരാതി നല്‍കി. യുവാക്കളേയും, പുതുമുഖങ്ങളേയും ജയസാധ്യതയില്ലാത്ത സീറ്റുകളില്‍ മത്സരിപ്പിച്ച് ചാവേര്‍ സ്ഥാനാര്‍ത്ഥികളാക്കാനാണ് നീക്കമെന്നും പലരും അഭിപ്രായപ്പെട്ടതായാണ് വിവരം. 

ഇതോടെ സംസ്ഥാന നേതാക്കള്‍ തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഹൈക്കമാന്‍ഡ് ഇടപെട്ടേക്കും. സ്‌ക്രീനിംഗ് കമ്മിറ്റി മാനദണ്ഡം നിശ്ചയിക്കും. നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ അവസരം നല്‍കിക്കൊണ്ടുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് തയ്യാറാക്കേണ്ടത് എന്ന് രാഹുല്‍ഗാന്ധി നിര്‍ദേശം നല്‍കിയിരുന്നു, ഈ നിര്‍ദേശങ്ങളില്‍ വിട്ടുവീഴ്ച അനുവദിക്കില്ലെന്നാണ് സൂചന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com