ആഫ്രിക്കയിൽ പോയത് വ്യാപാര ആവശ്യത്തിന് ; നാളെ നാട്ടിലെത്തുമെന്ന് പി വി അൻവർ ( വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th March 2021 07:46 AM |
Last Updated: 10th March 2021 07:48 AM | A+A A- |
പിവി അൻവർ എംഎൽഎ/ ഫെയ്സ്ബുക്ക്
മലപ്പുറം : നാളെ നാട്ടിലെത്തുമെന്ന് പി വി അൻവർ എംഎൽഎ. ഫെയ്സ്ബുക്ക് വീഡിയോയിലൂടെയാണ് അൻവർ ഇക്കാര്യം അറിയിച്ചത്. നിലമ്പൂരില്‍ ഇടത് സ്ഥാനാര്‍ഥിയായി സിപിഎം നിശ്ചയിച്ചിരിക്കുന്നത് പി വി അന്‍വറിനെയാണ്. എന്നാല്‍ എംഎല്‍എ മാസങ്ങളായി നാട്ടില്‍ ഇല്ലാത്തത് ചര്‍ച്ചയായിരുന്നു.
വ്യാപാര ആവശ്യത്തിന് ആഫ്രിക്കയില്‍ പോയതാണെന്ന് അന്‍വര്‍ വീഡിയോയിൽ പറഞ്ഞു. തിരിച്ചെത്തുന്നത് 25,000 കോടിയുടെ രത്ന ഖനന പദ്ധതിയുമായിട്ടാണ്. ഇരുപതിനായിരം പേര്‍ക്ക് തൊഴില്‍ നല്‍കാനാകുമെന്ന് അൻവർ ഫെയ്സ്ബുക്ക് വീഡിയോയിൽ പറഞ്ഞു. ഖനനം, കൃഷി, ആരോഗ്യം എന്നീ മേഖലകളില്‍ ആറായിരം മലയാളികള്‍ക്ക് ജോലി നല്‍കാനാകും. ഹജ്ജ് യാത്രയ്ക്കിടെ പരിചയപ്പെട്ട ആഫ്രിക്കന്‍ വ്യവസായിയാണ് പങ്കാളി . തന്റെ നാട്ടിലെ കഷ്ടപ്പാടുകളില്‍ നിന്നുള്ള മോചനമാണ് പുതിയ സംരംഭമെന്നും അൻവർ പറയുന്നു.
നിലമ്പൂർ എംഎൽഎ ആയ അൻവറിനെ കാണാനില്ലെന്ന് കാണിച്ച് പ്രാദേശിക യൂത്ത് കോൺഗ്രസ് പ്രവർത്തകർ പൊലീസിൽ പരാതി നൽകിയതോടെയാണ് വിഷയം ശ്രദ്ധിക്കപ്പെട്ടത്. ജയിലിലാണെന്ന പ്രചാരണത്തെ തുടർന്ന് 'അൻവറിനെ വിട്ടു തരൂ' എന്നാവശ്യപ്പെട്ട് ഘാന പ്രസിഡന്റിന്റെ ഫെയ്സ്ബുക് പേജിൽ മലയാളത്തിലുള്ള ആക്ഷേപഹാസ്യ പോസ്റ്റുകൾ വന്നിരുന്നു. മുഖ്യമന്ത്രിയെയും നിലമ്പൂരിലെ പാർട്ടി നേതൃത്വത്തെയും അറിയിച്ച് സമ്മതം വാങ്ങിയ ശേഷമാണ് താൻ യാത്ര പുറപ്പെട്ടതെന്ന് നേരത്തെ അൻവർ വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.