ട്വന്റി 20 കൂടുതല്‍ മണ്ഡലങ്ങളിലേക്ക്; രണ്ടാംഘട്ട പട്ടിക പുറത്ത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th March 2021 05:14 PM |
Last Updated: 10th March 2021 05:14 PM | A+A A- |

ഫയല്‍ ചിത്രം
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട പട്ടിക പുറത്തുവിട്ട് ട്വന്റി 20. ഇതോടെ എറണാകുളം ജില്ലയില്‍ എട്ട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ട്വന്റി 20 പ്രഖ്യാപിച്ചു. തൃക്കാക്കരയില്‍ ഡോ. ടെറി തോമസ് ഇടത്തൊട്ടി, എറണാകുളത്ത് പ്രൊഫ. ലെസ്സി പള്ളത്ത്, കൊച്ചിയില്‍ ഷൈനി ആന്റണി എന്നിവര്‍ സ്ഥാനാര്‍ഥികളാവും.
എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ച ട്വന്റി 20 രണ്ടാംഘട്ട പട്ടികയാണ് പ്രഖ്യാപിച്ചത്. കഴിഞ്ഞദിവസം ജില്ലയിലെ 5 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. തൃക്കാക്കര, എറണാകുളം കൊച്ചി മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ കുന്നത്തുനാട്, പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ, വൈപ്പിന്‍ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയാണ് പുറത്തുവിട്ടത്.
കേരള കോണ്‍ഗ്രസ് നേതാവ് പി ജെ ജോസഫിന്റെ മകളുടെ ഭര്‍ത്താവാണ് കോതമംഗലം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയായ ജോസ് ജോസഫ്. ദൃശ്യമാധ്യമ പ്രവര്‍ത്തകനായ സി എന്‍ പ്രകാശാണ് മൂവാറ്റുപുഴ മണ്ഡത്തിലെ സ്ഥാനാര്‍ഥി. കുന്നത്തുനാട് ഡോക്ടര്‍ സുജിത്ത് പി സുരേന്ദ്രന്‍ , പെരുമ്പാവൂരില്‍ ചിത്രാ സുകുമാരന്‍ , വൈപ്പിനില്‍ ഡോക്ടര്‍ ജോബ് ചക്കാലയ്ക്കല്‍ എന്നിവരായിരുന്നു ആദ്യപട്ടികയിലെ സ്ഥാനാര്‍ഥികള്‍. കിഴക്കമ്പലത്ത് നടപ്പാക്കിയ വികസന മാതൃക വ്യാപിപ്പിക്കുമെന്നതാണ് പ്രധാന വാഗ്ദാനം. എറണാകുളം ജില്ലയില്‍ പാര്‍ട്ടി അംഗങ്ങളുടെ എണ്ണം രണ്ടാഴ്ചകൊണ്ട് ഏഴുലക്ഷമെത്തിക്കുന്നതിനുളള പ്രവര്‍ത്തനങ്ങളും പുരോഗമിക്കുകയാണ്.